ന്യൂഡൽഹി: രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയ നോയിഡ ജില്ലാ അധികൃതരുടെ ഉത്തരവിൽ വിശദീകരണം തേടി സുപ്രീംകോടതി യു.പി സർക്കാരിന് നോട്ടീസ് അയച്ചു.
ദേശീയ മാർഗനിർദ്ദേശത്തിന് വിരുദ്ധമായ നയം സംസ്ഥാനത്തിന് സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
നോയിഡയിൽ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണോ, ഹോം ക്വാറന്റൈനിലാണോ എന്നത് സംബന്ധിച്ച് യു.പി സർക്കാർ പൂർണവിവരങ്ങൾ നൽകണം. നോയിഡയിൽ ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ചില മാർഗനിർദ്ദേശങ്ങൾ ദേശീയ മാർഗനിർദ്ദേശങ്ങളുമായും യു.പി സർക്കാരിന്റെ നിർദ്ദേശങ്ങളുമായും യോജിക്കുന്നതല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജൂൺ 17ന് വീണ്ടും വിഷയം പരിഗണിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരം, രോഗലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയാൻ നേരത്തെ കേന്ദ്രആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു.
ഡൽഹിയുമായി ചേർന്ന യു.പിയിലെ നോയിഡ, ഗാസിയാബാദ് , ഹരിയാനയിലെ ഗുഡ്ഗാവ് നഗരങ്ങളിലേക്കുള്ള അന്തർ സംസ്ഥാന യാത്രാനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി യു.പി സർക്കാരിനോട് വിശദീകരണം ചോദിച്ചത്.
അതേസമയം ഹരിയാന, ഡൽഹി അതിർത്തിയിലെ അന്തർസംസ്ഥാന യാത്രാപ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹിയിൽ നിന്ന് അനിയന്ത്രിതമായി വാഹന ഗതാഗതം അനുവദിക്കുന്നതിൽ യു.പിക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.