indian-hih-commission-

ന്യൂഡൽഹി: കാൽനടക്കാരനെ ഇടിച്ചിട്ടെന്ന കേസിൽ അറസ്റ്റു ചെയ്‌ത പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ജോലിനോക്കുന്ന രണ്ട് സി.ഐ.എസ്.എഫ് ഡ്രൈവർമാരെ മോചിപ്പിച്ചു. സംഭവത്തിൽ ഇന്ത്യ പ്രതിഷേധിക്കുകയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്‌തതിനെ തുടർന്നാണ് മോചനം.

ഇന്നലെ രാവിലെ മുതൽ ദുരൂഹസാചര്യത്തിൽ കാണാതായ ഇരുവരെയും ഐ.എസ്.ഐ തടങ്കലിലാക്കിയെന്നാണ് ആദ്യം വാർത്ത വന്നത്. കാൽനടക്കാരനെ കാർ ഇടിച്ച് വീഴ്‌ത്തിയെന്ന കേസിൽ അറസ്‌റ്റു ചെയ്‌തെന്ന് പിന്നീട് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.

ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ചുമതല വഹിക്കുന്ന സയ്യിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച ഇന്ത്യ ഇരുവരെയും മോചിപ്പിക്കണമെന്നും കാർ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ചോദ്യം ചെയ്‌ത് ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സയ്യിദ് ഹൈദർ ഉറപ്പു നൽകിയതിന് പിന്നാലെയാണ് ഇരുവരുടെയും മോചനം.

ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ അസിസ്റ്റന്റ് ആബിദ് ഹുസൈൻ (42), ക്ളാർക്ക് മുഹമ്മദ് താഹിർഖാൻ എന്നിവരെ ഇന്ത്യൻ സേനാ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോർത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്യുകയും പുറത്താക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസ് ചുമതലയുള്ള ഗൗരവ് അലുവാലിയുടെ വാഹനത്തെ ഐ.എസ്.ഐ ഏജന്റെന്ന് സംശയിക്കുന്നയാൾ പിന്തുടർന്നിരുന്നു. കഴിഞ്ഞ മാർച്ചിലും സമാനമായ സംഭവങ്ങളുണ്ടായി.