ഡൽഹിയിൽ ഇനി സമ്പൂർണ്ണ ലോക്ക് ഡൗണില്ല
ന്യൂഡൽഹി: ഡൽഹിയിൽ എല്ലാവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം. കൊവിഡ് സ്ഥിതിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിഷ് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന യു.പി, ഹരിയാന എന്നിവിടങ്ങളിലുള്ളവർക്കും പരിശോധന നടത്തും. ദിവസവും 18,000 പരിശോധനകൾ നടത്തും. ടെസ്റ്റ് നടത്താനുള്ള ചെലവ് പാതിയായി കുറയ്ക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.
ഐ.സി.എം.ആർ അനുമതി നൽകിയ 450 രൂപ വിലയുള്ള പരിശോധനാ കിറ്റുകൾ ഉടൻ ഡൽഹിയിലെത്തും. രണ്ട് മാസം ഡൽഹി പൂർണമായും അടച്ചിടുമെന്ന വാർത്തകളും യോഗം തള്ളി. എന്നാൽ ലോക്ക് ഡൗണിനെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിലുണ്ടായില്ല. ഡൽഹി ആശുപത്രികളിൽ മോർച്ചറികളുടെ ശേഷി വർദ്ധിപ്പിക്കാനും മോർച്ചറികളിൽ ശീതീകരണ കണ്ടെയ്‌നറുകൾ സ്ഥാപിക്കാനും സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. ആപ്പ് പ്രതിനിധിയായി സജ്ഞയ് സിംഗ് എം.പി പങ്കെടുത്തു. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പുറമേ, കോൺഗ്രസ്, ബി.ജെ.പി, ബി.എസ്.പി, എസ്.പി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസിന്റെ ആവശ്യങ്ങൾ
കൊവിഡ് ബാധിട്ടവരുള്ള എല്ലാ കുടുംബങ്ങൾക്കും കണ്ടെയ്ൻമെന്റ് സോണിലെ കുടുംബങ്ങൾക്കും 10,000 രൂപ നൽകണമെന്ന് കോൺഗ്രസ് യോഗത്തിൽ ആവശ്യപ്പെട്ടു.നാലാംവർഷ മെഡിക്കൽ വിദ്യാർഥികളെ താൽക്കാലികാടിസ്ഥാനത്തിൽ റസിഡന്റ് ഡോക്ടർമാരായി നിയമിക്കണം.ആശുപത്രികളിൽ വേണ്ടത്ര കിടക്കയില്ലെന്ന കോൺഗ്രസിന്റെ ആരോപണം നാൽപ്പത് ശതമാനം കിടക്കകൾ ഇപ്പോഴും ബാക്കിയാണെന്ന് പറഞ്ഞ് ആം ആദ്മി തള്ളി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഡൽഹി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഡൽഹിയിലെ ജനങ്ങൾക്കായി എല്ലാ പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കണം. സർക്കാരിന്റെ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പ്രവർത്തകർ പാലിക്കുന്നുണ്ടെന്ന് നേതാക്കൾ ഉറപ്പാക്കണം.
അമിത് ഷാ, ആഭ്യന്തര മന്ത്രി