india-china-
india china economy

ന്യൂഡൽഹി: നയതന്ത്ര-സൈനിക തലത്തിൽ നടക്കുന്ന ചർച്ചകളുടെ പ്രതിഫലനമെന്നോണം ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വിന്ന്യസിച്ച തങ്ങളുടെ കുറച്ച് സേനാംഗങ്ങളെ കൂടി പിൻവലിച്ചു. അതിനിടെ ബ്രിഗേഡിയർ കമ്മാൻഡർ, ബറ്റാലിയൻ കമ്മാൻഡർ തലത്തിൽ ഇന്നലെ വീണ്ടും കൂടിക്കാഴ്‌ച നടത്തി.

ജൂൺ ആറിന് നടന്ന സൈനിക കമ്മാൻഡർ തല ചർച്ചയ്‌ക്കു ശേഷം സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സേനകളെ ഇരു രാജ്യങ്ങളും പിൻവലിക്കുന്നത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്റ് 14, ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്ന് ആദ്യം ചൈനയും പിന്നാലെ ഇന്ത്യയും സേനകളെ പിൻവലിച്ചിരുന്നു. അതിനുശേഷം ഒരാഴ്‌ചയായി ഗാൽവൻ താഴ്‌വരയിലും ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തും പ്രാദേശിക സൈനിക ഓഫീസർമാർ തമ്മിലുള്ള കൂടിക്കാഴ്‌ചകളും പതിവാണ്. തർക്കം പരിഹരിക്കാൻ നയതന്ത്ര തലത്തിലും ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.