ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുന്നു. ആകെ കേസുകൾ 3.42 ലക്ഷം കടന്നു. കൊവിഡ് മരണങ്ങളുടെ ആഗോള പട്ടികയിൽ ബെൽജിയത്തെ മറികടന്ന് ഇന്ത്യ എട്ടാമതായി. പ്രതിദിനം മുന്നൂറിലേറെ മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജൂൺ 1 മുതൽ 14 വരെ മാത്രം 4113 പേർക്കാണ് കൊവിഡ്മൂലം ജീവൻ നഷ്ടമായത്.ആകെ മരണം 9875
മാർച്ച് 12ന് കർണാടകയിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് മരണം. ഏപ്രിൽ 5ന് മരണം 100 കടന്നു. ഏപ്രിൽ 28ന് ആയിരവും മേയ് 9ന് രണ്ടായിരവും 17ന് മൂവായിരവും കടന്നു. മേയ് 24ന് നാലായിരം, 30ന് 5000, ജൂൺ 3ന് 6000, ജൂൺ 7ന് 7000, 10ന് 8000, 13ന് 9000വും പിന്നിട്ടു. കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ മാത്രം മരണം നാലായിരം കടന്നു. സംസ്ഥാനത്ത് ഇന്നലെ 178 മരണം. സംസ്ഥാനത്തെ പ്രതിദിന മരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2786 പുതിയ രോഗികളും റിപ്പോർട്ട് ചെയ്തു.ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാൾ,മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലും മരണനിരക്ക് കൂടുതലാണ്.
♦ രാജ്യത്തെ രോഗമുക്തി നിരക്ക് 51.08 ശതമാനമായതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 1,69797 പേരാണ് രോഗമുക്തരായത്.
♦ തമിഴ്‌നാട്ടിൽ 1843 പുതിയ കേസുകളും 44 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 46504. മരണം 479.
♦ മഹാരാഷ്ട്രയിൽ 5071 പേർ ഇന്നലെ രോഗമുക്തരായി.
♦ പശ്ചിമബംഗാളിൽ 407 പുതിയ രോഗികളും 10 മരണവും.
♦ ഉത്തർപ്രദേശിൽ 476 പുതിയ കൊവിഡ് കേസുകൾ. 18 മരണം. ആകെ കേസുകൾ 14000 കടന്നു.
♦ 29 സി.ആർ.പി.എഫുകാർക്ക് കൂടി കൊവിഡ്.
♦ മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് 7 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനും 7 ദിവസം ഹോംക്വാറന്റീനും നിർബന്ധമാക്കി കർണാടക. ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് മൂന്നു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ.
♦ എട്ട് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ മുംബയിലെയും താനെയിലെയും ബ്രാഞ്ചുകൾ എസ്.ബി.ഐ താത്കാലികമായി അടച്ചു.
കൊവിഡ് ഭീതിയിൽ ആത്മഹത്യ
കൊവിഡ് ഭയത്തിൽ ഐ.ആർ.എസ്. ഓഫീസർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. 56കാരനായ ശിവരാജ് സിംഗിനെയാണ് ഡൽഹി ദ്വാരകയിൽവച്ച് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദായനികുതി ഡയറക്ടറേറ്റിൽ അഡിഷണൽ കമ്മിഷണറാണ്. കൊവിഡ് ബാധയുണ്ടെന്ന് സംശയിച്ചാണ് ആത്മഹത്യയെന്നും താൻ കാരണം തന്റെ കുടുംബത്തിനും രോഗബാധയുണ്ടാകുമെന്ന് ഭയപ്പെടുന്നതായും ആത്മഹത്യ കുറിപ്പിൽ ഉള്ളതായും പൊലീസ് പറയുന്നു.