ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാളിന്റെ നടപടി സൂചിപ്പിച്ചാണ് മന്ത്രിയുടെ പ്രസ്‌താവന. ഉത്തരാഖണ്ഡിലെ ബി.ജെ.പി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും നേപ്പാളും തമ്മിലുള്ളത് സാധാരണ ബന്ധമല്ല. ഭക്ഷണവും പുത്രിയും എന്നതിന് തുല്ല്യമായ ആത്മബന്ധമാണത്. അത് ലോകത്തൊരു ശക്തിക്കും തകർക്കാൻ കഴിയില്ല. ഭൂമിശാസ്‌ത്രപരവും ചരിത്രപരവും സാമൂഹികവുമായ ബന്ധത്തിനപ്പുറം ആത്മീയമായ അടുപ്പവും ഇരുരാജ്യങ്ങൾക്കുമുണ്ടെന്ന് ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളെ പരാമർശിച്ച് രാജ്നാഥ് പറഞ്ഞു. നേപ്പാൾ അവകാശവാദം ഉന്നയിക്കുന്ന ഉത്തരാഖണ്ഡിലെ ലിപുലേഖിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്. അതെല്ലാം ചർച്ചകളിലൂടെ പരിഹരിക്കാനാവും. നേപ്പാൾ ജനതയോട് ഇന്ത്യയിലാർക്കും ഒരു വിരോധവുമില്ലെന്നും ബന്ധം അഗാധമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
നേപ്പാളിൽ നിന്നുള്ള സൈനികർ അടങ്ങിയ ഗൂർഖാ രജിമെന്റിന്റെ ധീരതയും ആത്മസമർപ്പണവും അദ്ദേഹം ചൂണ്ടിക്കാട്ടി.