മുംബയ്: പത്തുലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡിനെ പിടിച്ചുകെട്ടാൻ ബൃഹത് മുംബയ് കോർപറേഷൻ (ബി.എം.സി) സ്വീകരിച്ച 'ഒാക്സിജൻ ലെവൽ പരിശോധന" ലോകമെങ്ങും ചർച്ചയാകുന്നു. കൊവിഡ് സാദ്ധ്യത ഏറിയ പ്രായമായവരെ രക്ഷിക്കാൻ സഹായകമായ ഈ പരിശോധന രാജ്യമെങ്ങും മാതൃകയാക്കാമെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ ഒന്നിന് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌ത ധാരാവിയിൽ അടുത്ത ദിവസങ്ങളിൽ രോഗവ്യാപനം കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടെ നടപ്പാക്കിയ ഫലപ്രദമായ നടപടികളിലൂടെ ദിവസം 60ൽ താഴെ എന്ന തോതിൽ രോഗവ്യാപനം ദിവസം പിടിച്ചു നിറുത്താനായി. ജൂൺ ആദ്യവാരത്തോടെ രോഗികളുടെ എണ്ണം കുറഞ്ഞു. ഓക്‌സിജൻ തെറാപ്പിയിലൂടെ രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവരെ ആദ്യമേ കണ്ടെത്തി മാറ്റി പാർപ്പിച്ചതാണ് രോഗത്തിന്റെ അതിവേഗ വ്യാപനത്തിന് തടയിട്ടത്. രോഗം പിടിപെട്ടവരുടെ ചികിത്സയിൽ ശ്രദ്ധിക്കാനും ഇതു സഹായകമായി.
മാരത്തോൺ സ്ക്രീനിംഗ്
ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ ആറും ഏഴും കുടുംബാംഗങ്ങൾ ഒന്നിച്ചു കഴിയുന്ന ധാരാവിയിൽ സമൂഹിക അകലം പാലിക്കൽ പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ബി.എം.സി അസി. മുനിസിപ്പൽ കമ്മിഷണർ കിരൺ ദിഗാവ്‌കറിന്റെ നേതൃത്വത്തിലുള്ള സംഘം ഒാക്സിജൻ തെറാപ്പി ആരംഭിച്ചത്. രക്തത്തിലെ ഓക്‌സിജൻ അളവ് സാധാരണ 98-100 ശതമാനം ആണ്. ഇതിൽ താഴെയാണെങ്കിൽ കൊവിഡ് സാദ്ധ്യത കൂടും. പ്രമേഹം, രക്തസമ്മർദ്ധം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് നിർണായകമാണ്. ഓക്‌സിമീറ്ററുകൾ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ അളവ് പരിശോധിക്കാനുള്ള മാരത്തോൺ സ്‌ക്രീനിംഗ് തുടങ്ങിയത് അങ്ങനെ.
ധാരാവിയിൽ ഏപ്രിൽ 28ന് തുടങ്ങിയ സ്‌ക്രീനിംഗിൽ 31,000 മുതിർന്നവരിൽ രക്തത്തിലെ ഓക്‌സിജൻ അളവ് പരിശോധിച്ചു. ഇതിൽ 4312പേർക്ക് വിവിധ അസുഖങ്ങളുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ 104 പേർക്ക് രക്തത്തിൽ ഓക്‌സിജൻ അളവ് 95ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തി. ഇവരെ ഉടൻ മാറ്റിപാർപ്പിച്ചു.
പിന്നീട് ധാരാവിയിലെ 45,500 വീടുകളിലെ ഏഴ് ലക്ഷം ആളുകളിൽ ഓക‌്സിജൻ പരിശോധന നടത്തി. ഒാക്സിജൻ തെറാപ്പിക്കായി ആശുപത്രികളിൽ പ്രത്യേകം കിടക്കകൾ വരെ തയ്യാറാക്കിയിരുന്നു. ഓക്‌സിജൻ അളവ് കുറവുള്ളവരെയും മറ്റ് രോഗലക്ഷണങ്ങളുള്ളവരെയും തൊട്ടടുത്ത ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. പിന്നീട് ഇവരിൽ പലരും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
ബി.എം.സിയുടെ ഓക്‌സിജൻ തെറാപ്പി സ്‌ക്രീനിംഗ് നടപടികളോട് ധാരാവിയിലെ ജനങ്ങളും നന്നായി സഹകരിച്ചു. ഇത് കാര്യങ്ങൾ എളുപ്പമാക്കി.
- കിരൺ ദിഗാവ്‌കർ