ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതയിൽ ഉച്ചയ്‌ക്കു ശേഷം നടക്കേണ്ട മുഖ്യമന്ത്രിമാരുമായുള്ള വീഡിയോകോൺഫറൻസിന്റെ തയ്യാറെടുപ്പിനിടെയാണ് അതിർത്തിയിലെ സംഘർഷ വാർത്ത വന്നത്. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കേണ്ട വീഡിയോ കോൺഫറൻസായിരുന്നു അതുവരെ പ്രധാന അജണ്ട. ഒരു ഓഫീസർ അടക്കം മൂന്ന് ഇന്ത്യൻ സൈനികരുടെ വീരമൃത്യു സംഭവിച്ച സംഘർഷത്തിന്റെ ചിത്രം തെളിഞ്ഞതോടെ അതുമാറിമറിഞ്ഞു.
പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിന്റെ സമയമൊഴിച്ച് ഉച്ചമുതൽ ഡൽഹിയുടെ അധികാര കേന്ദ്രമായ സൗത്ത് ബ്ളോക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിലുമായി മാരത്തോൺ യോഗങ്ങളാണ് നടന്നത്. ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്ന് ചൈനീസ് കുറ്റപ്പെടുത്തിയിട്ടും ഡൽഹി ഔദ്യോഗികമായി പ്രതികരിക്കാതെ ജാഗ്രത പാലിച്ചു. സേനയുടെ പത്രക്കുറിപ്പിലെ ചെറിയ വിവരങ്ങൾ മാത്രമാണ് പുറത്തു വന്നത്.
ഉച്ചയ്‌ക്ക് ഒരുമണി:
അതിർത്തി സംഘർഷം സ്ഥിരീകരിച്ച് കരസേനയുടെ ഔദ്യോഗിക അറിയിപ്പ്: സൈനിക പിൻമാറ്റം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്‌ച രാത്രി ഗാൽവൻ താഴ്‌വരയിൽ സംഘർഷമുണ്ടായെന്നും ഒരു ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടെന്നും.
പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രവർത്തിക്കുന്ന സൗത്ത് ബ്ളോക്ക് ശ്രദ്ധാ കേന്ദ്രം:
ഉച്ചയ്ക്ക് ഒന്നര: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം.എം. നരാവനെ, വ്യോമസേനാ മേധാവി എയർമാർഷൽ ആർ.കെ.എസ്. ബദൗരിയ, നാവിക സേനാ മേധാവി അഡ്‌മിറൽ കരംബീർ സിംഗ് എന്നിവരുടെ അടിയന്തര കൂടിക്കാഴ്‌ച. അതിർത്തിയിലെ സംഭവ വികാസങ്ങൾ ജനറൽ ബിപിൻ റാവത്ത് പ്രതിരോധ മന്ത്രിയെ ധരിപ്പിക്കുന്നു.
ഉച്ചയ്ക്ക് 1.40: രണ്ടു പക്ഷത്തെ സൈനികർക്കും അപകടം സംഭവിച്ചെന്ന് കരസേന. അതിർത്തിയിൽ വെടിവയ്‌പുണ്ടായില്ലെന്നും കല്ലേറിലാണ് സൈനികർ മരിച്ചതെന്നും വിശദീകരണം. തർക്കം പരിഹരിക്കാൻ മേജർ ജനറൽ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പത്രക്കുറിപ്പ്.
ഉച്ചയ്‌ക്ക് രണ്ടുമണി: പാത്താൻകോട്ട് സൈനിക താവളത്തിൽ നടത്താനിരുന്ന സന്ദർശനം കരസേനാ മേധാവി ജനറൽ എം.എം. നരാവനെ ഉപേക്ഷിക്കുന്നു.
അതിർത്തിയിലെ സംഭവത്തെ അപലപിച്ച് കോൺഗ്രസ്. മൂന്നു സൈനികർ മരിച്ചത് പ്രതിരോധമന്ത്രി സ്ഥിരീകരിക്കണമെന്ന്
ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്ന് ചൈനയുടെ വിശദീകരണം. ഇന്ത്യൻ സൈന്യം രണ്ടു തവണ നിയന്ത്രണ രേഖ ലംഘിച്ചെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ. അതിർത്തിയിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നു. മൂന്നുമണിക്ക് തുടങ്ങാനിരുന്ന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസ് വൈകുന്നു.
3.30: അടിയന്തര സാഹചര്യമാണെങ്കിലും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് തുടങ്ങാൻ തീരുമാനം.
വൈകിട്ട് അഞ്ചുമണിയോടെ രാജ്നാഥ് സിംഗ് വസതിയിലേക്ക് മടങ്ങുന്നു
5.30: കരസേനാ മേധാവി ജനറൽ എം.എം. നരാവനെ രാജ്നാഥ് സിംഗിന്റെ വസതിയിൽ. തൊട്ടു പുറകെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും എത്തുന്നു. ഒരു മണിക്കൂർ കൂടിക്കാഴ്‌ച.