covid

ന്യൂഡൽഹി: കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കൊവിഡില്ല. 55കാരനായ മന്ത്രി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
കടുത്ത പനിയെ തുടർന്ന് രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാലാണ് സത്യേന്ദ്ര ജെയിനെ തിങ്കളാഴ്ച രാത്രി ഡൽഹിയിലെ കൊവിഡ് ആശുപത്രിയായ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജെയിൻ ആശുപത്രിയിലായതോടെ ഭരണനേതൃത്വത്തിൽ ആശങ്കയുയർന്നു. കഴിഞ്ഞദിവസം നടന്ന ഉന്നത തല യോഗത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കൊപ്പം സത്യേന്ദ്രജയിനും പങ്കെടുത്തിരുന്നു. നേരത്തെ പനിയെ തുടർന്ന് കേജ്‌രിവാളിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.