ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ സിരാകേന്ദ്രമായ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശമാണ്.മേയ് ആദ്യം തുടങ്ങിയ സംഘർഷത്തിന്റെ പ്രധാന വേദി ഗാൽവൻ താഴ്‌വരയും പാങ്‌ഗോങ് തടാകവുമാണ്.
അതിസുന്ദരഭൂമിയായ ഗാൽവൻ താഴ്‌വര ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധീനതയിലുള്ള അക്‌സായി ചിനിനും ഇടയിലാണ്. ഇന്ത്യ ലഡാക്കിന്റെ ഭാഗമായി കണക്കാക്കുന്ന പ്രദേശമാണ് അക്‌സായി ചിൻ. 1962 ലെ യുദ്ധത്തിന് ശേഷം ഈ പ്രദേശം ചൈന കൈയടക്കി വച്ചിരിക്കുകയാണ്. കാരക്കോറം മലനിരകളിൽ നിന്നുൽഭവിക്കുന്ന ഗാൽവൻ (ഗുലാം റസൂർ ഗാൽവൻ ) നദി ഈ താഴ്‌വരയിലൂടെയാണ് ലഡാക്കിലേക്ക് ഒഴുകുന്നത്. 1899ൽ നദി ആദ്യം കണ്ടെത്തിയ ലഡാക്കി സഞ്ചാരിയുടെ പേരാണ് നദിക്ക് നൽകിയത് . 80 കിലോമീറ്റർ ദ്രുതഗതിയിൽ ഒഴുകി സിന്ധുവിന്റെ പോഷക നദിയായ ഷിയോക്കിൽ ലയിക്കുന്നു.
ഗാൽവൻ താഴ്‌വരയ്ക്കായി പോരാടുന്നതെന്തിന്
ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ കാരണത്താൽ ഇന്ത്യക്ക് പ്രധാനമാണ്.
താഴ്വരയ്ക്ക് സമീപം ഇന്ത്യ 255 കിമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ദർബുൾ ഷയോക്ക് (ഡി.ബി.ഒ.റോഡ്) ചൈനയെ അലോസരപ്പെടുത്തുന്നു.
ഇന്ത്യ - ചൈന അതിർത്തിയായ യഥാർത്ഥ നിയന്ത്രണ (എൽ.എ.സി) കടന്നുപോകുന്നു.
1962 ലെ യുദ്ധത്തിലും ഇവിടെ പോരാട്ടങ്ങൾ നടന്നു.
ലോകത്തെ ഏറ്റവും ഉയർന്ന വിമാനത്താവളമുള്ള ദൗലത് ബേഗ് ഓൾഡി ഗാൽവാൻ താഴ്വരയ്ക്ക് സമീപമാണ്. 1962ലെ യുദ്ധകാലത്താണ് ഇന്ത്യ ഇവിടെ വിമാനത്താവളം സ്ഥാപിച്ചത്. ഇവിടെ ചൈനയ്ക്ക് കണ്ണുണ്ട്. 2013 ഏപ്രിൽ 15 ന് ലഡാക്കിന് സമീപമുള്ള ദെപ്സാംഗ് താഴ്വരയിൽ ഇന്ത്യയിലേക്ക് 10 കിലോമീറ്റർ കടന്ന് ചൈന പോസ്റ്റ് സ്ഥാപിച്ചു. ദൗലത് ബേഗ് ഓൾഡിയിലെ ഇന്ത്യയുടെ നിർമിതികൾ നീക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം.ഇരു രാജ്യങ്ങളും ഉന്നതല ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.