ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വിപണി തുറക്കുമ്പോഴും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആശാവഹമാണെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധ കൂടുതലുളള പ്രദേശങ്ങൾക്ക് പ്രാധാന്യം നൽകിയ യോഗത്തിൽ കേരളത്തിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. 15 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ചർച്ചയിൽ പങ്കെടുത്തത്. മറ്റുള്ളവർക്കായി വീഡിയോ കോൺഫറൻസ് ഇന്നും തുടരും. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ വീഡിയോ കോൺഫറൻസ് ആണിത്.
രാജ്യം ഇന്ന് ജീവനും ജീവനോപാധിക്കുമാണ് മുൻഗണന നൽകുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാപ്പം സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കണം. ഭാവിയിലെ സാഹചര്യങ്ങളും മുൻകൂട്ടി കാണണം. വിപണി തുറക്കുമ്പോൾ വൈറസിന്റെ അപകടം ഒഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. കൊവിഡ് പ്രതിരോധത്തിൽ രാജ്യം ലോകത്തിന് മാതൃകയാണ്. മറ്റു പല രാജ്യങ്ങളെയും പോലെ കൊവിഡ് ഇവിടെ ഒരു ഭീഷണിയായിട്ടില്ല. നമ്മൾ നിയന്ത്രണങ്ങൾ ഒഴിവാക്കി ജീവിതം തുറന്നുകഴിഞ്ഞു. ഇന്ത്യയിൽ 50ശതമാനത്തിലേറെപ്പേർ രോഗമുക്തി നേടുന്നു. മരണ നിരക്കും കുറവാണ്. അച്ചടക്കത്തോടെ നീങ്ങിയാൽ കൊവിഡിനെ നിയന്ത്രിക്കാമെന്നതാണ് വലിയ പാഠം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്‌ക്കായി മാസ്‌ക് ശീലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക മേഖല തെളിഞ്ഞു. ഉർജ്ജ ഉപഭോഗം വർദ്ധിച്ചു. വളം വിൽപന കൂടി. ഖാരിഫ് വിളവെടുപ്പ് മികച്ചതായി. ഇരുചക്രവാഹന നിർമ്മാണം വർദ്ധിച്ചു. പണരഹിത ഇടപാടുകളും ദേശീയ പാതകളിലെ ടോൾ കളക്‌ഷനും കയറ്റുമതി നിരക്കും കൂടുന്നത് നല്ല ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.