ന്യൂഡൽഹി: കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ദേശീയതലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന് മുന്നിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
'കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടു. ആസൂത്രണം കൂടാതെ തിരക്കിട്ട് നടപ്പാക്കിയ ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികളെയടക്കം കോടിക്കണക്കിനാളുകളെ ദുരിതത്തിലാക്കിയെന്നും' യെച്ചൂരി പറഞ്ഞു. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, ഹന്നൻ മൊള്ള, നീലോൽപ്പൽ ബസു, തപൻ സെൻ തുടങ്ങിയവരും പങ്കെടുത്തു.
ബംഗാൾ, ത്രിപുര, ഹിമാചൽ, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്,തെലങ്കാന, ആന്ധ്ര, അസം, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നു.