ന്യൂഡൽഹി: ലഡാക്കിന്റെ തെക്ക ദുബ്രുക്കിൽ നിന്ന് ഷൈയോക്കിലൂടെ ദൗളത് ബേഗ് ഓൾഡിയിലേക്ക് ഇന്ത്യ റോഡ് നിർമിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം .2000ൽ ആരംഭിച്ച് കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയായ 255 കിലോമീറ്റർ റോഡ്, മേഖലയിലെ ഇന്ത്യൻ നീക്കങ്ങൾക്ക് കരുത്തു പകരുന്നതാണ്. ഇന്ത്യയുടെ അധീനതയിലുള്ളതും ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ ദൗളത് ബേഗ് ഓൾഡിയിലെ വിമാനത്താവളത്തിലേക്കുള്ള ഇന്ത്യൻ സൈന്യത്തിന്റെ യാത്രയ്ക്ക് ആറ് മണിക്കൂർ ലാഭിക്കാം.
ഇവിടെ ചൈനയുടെ റോഡ് നിർമ്മാണങ്ങളുമായി കിടപിടിക്കാൻ കഴിയാതിരുന്ന ഇന്ത്യ, നിർണായകമായ പാത നിർമിച്ചത് ചൈനയ്ക്ക് അംഗീകരിക്കാനാവില്ല.
ലഡാക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണ രേഖയിൽ നിന്ന് അധികം ദൂരത്തല്ലാത്ത ഷൈയോക്ക് നദിക്ക് സമാന്തരമായാണ് ഈ റോഡ്. റോഡ് ഗാൽവാൻ നദിയ്ക്ക് സമീപത്ത് കൂടിയും പോകുന്നുണ്ട്. ഗാൽവൻ നദീതടത്തിന് തെക്കുകിഴക്കാണ് നിയന്ത്രണ രേഖയ്ക്കു സമീപം ഗോഗ്ര ഇന്ത്യൻ പോസ്റ്റ്.
ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാൽവാൻ നദീ തടത്തിൽ ചൈന വൻതോതിൽ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. ഗാൽവാൻ നദീ തടത്തിനു സമീപത്തുള്ള റോഡിനരികിൽ ചൈനീസ് കൂടാരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ഇവിടേക്ക് എത്തുന്ന ഇന്ത്യൻ റോഡ് ചൈനീസ് സൈന്യത്തിന്റെ ഉറക്കം കെടുത്തുന്നു.
ചൈനയ്ക്ക് പണിയായി പാലവും
കിഴക്കൻ ലഡാക്കിൽ ദുർബുക്കിനെയും ദൗളത് ബേഗ് ഓൾഡിയെയും ബന്ധിപ്പിച്ച് ഷിയോക് നദിക്ക് കുറുകെ ഇന്ത്യ നിർമ്മിച്ച കോൾ ചെവാംഗ് റിൻചെൻ പാലം കഴിഞ്ഞ ഒക്‌ടോബറിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണിത്. ചൈന ഗൗരവത്തോടെയാണ് ഈ നിർമ്മാണവും വിലയിരുത്തിയത്.