ന്യൂഡൽഹി: കാലുവിന് ദിവസവും 'ഒരു പെഗ്" നിർബന്ധമാണ്. മദ്യപിച്ച് പൂസായി 'നാലുകാലിൽ' ചാടി കണ്ണിൽ കാണ്ടവരെയൊക്കെ കടിച്ച് മുറിക്കും. 'കുടിയൻ' കാലുവിന്റെ അമിത മദ്യപാനവും തുടർന്നുള്ള ആക്രമണവും സഹിക്കവയ്യാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കയാണ് വനംവകുപ്പ്.
സംഭവം ഉത്തർപ്രദേശിലെ കാൺപൂരിലാണ്. കഥാനായകൻ കാലു ഒരു കുരങ്ങനാണ്. മിർസാപൂരിൽ ഒരു മന്ത്രവാദിയുടെ കൂടെയായിരുന്നു കാലുവിന്റെ കുട്ടിക്കാലം. കാട്ടിൽ നിന്ന് നാട്ടിലെത്തിയപ്പോൾ മന്ത്രവാദിയുടെ കെണിയിൽ കുടുങ്ങിയതാണ്. മന്ത്രവാദിയെ സഹായിക്കും. അൽപ്പസ്വൽപ്പം അഭ്യാസപ്രകടനങ്ങൾ നടത്തും. ഇതിനൊക്കെ പകരമായി വൈകിട്ട് മന്ത്രവാദി കാലുവിന് മദ്യം നൽകും. ഇതൊരു പതിവായി. ദിവസവും ഒരു പെഗ്ഗടിച്ചില്ലെങ്കിൽ കാലുവിന്റെ 'കാൽ' വിറയ്ക്കുമെന്നായി.
കാലുവിന് മൂന്ന് വയസ് പ്രായമുള്ളപ്പോൾ മന്ത്രവാദി മരിച്ചു. ഇതോടെ മദ്യം കിട്ടാതെയായി, നിയന്ത്രിക്കാനും ആളില്ലാതെയായി. ആദ്യ ഘട്ടത്തിൽ 'മോഷ്ടിച്ച്' കുടി തുടങ്ങി. കള്ള് അകത്ത് ചെന്നാലോ കാലുവിന്റെ കൈയില്ലില്ലാത്ത വേലത്തരമില്ല. കാണികളായെത്തുന്നവർക്ക് കടി സമ്മാനം. കള്ള് കിട്ടിയില്ലെങ്കിലും അക്രമം തന്നെ. കാൺപൂരിൽ കാലുവിന്റെ കടിയേൽക്കാത്തവർ ചുരുക്കം. ഒരാൾ മരിച്ചു. ഇതോടെ പരാതികൾ ഏറി. പ്രശ്‌നം പരിഹരിക്കാൻ വനംവകുപ്പും മൃഗശാല അധികൃതരും കൂടി കാലുവിന് കള്ളു കൊടുത്ത് മയക്കി കാൺപൂർ മൃഗശാലയിൽ അടച്ചു.
ഏതാനും മാസങ്ങൾ ഒറ്റയ്ക്ക് പാർപ്പിച്ചു. തുടർന്ന് പ്രത്യേക കൂട്ടിലേക്ക് മാറ്റി. മദ്യപാനത്തിൽ നിന്ന് മുക്തിനേടിയെന്ന് വിലയിരുത്തി കാലുവിനെ തുറന്നു വിട്ടു. കാലു പിന്നേയും പഴയപടിയായി. ഒപ്പം അക്രമവും ഇരട്ടിച്ചു. ഇതോടെ വീണ്ടും കൂട്ടിലേക്ക്. മൂന്ന് വർഷമായി മൃഗശാലയിൽ കുരങ്ങൻ എത്തിയിട്ട്. മൃഗശാല അധികൃതരോട് പോലും ഇണങ്ങാത്ത കാലുവിനെ ജീവപര്യന്തം തടവിലിടാനാണ് തീരുമാനമെന്ന് കാൺപൂർ മൃഗശാല ഡയറക്ടർ പറയുന്നു.