ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയത്തിന് പലിശ ഇളവ് സംബന്ധിച്ച തീരുമാനം ബാങ്കുകളുടെ മാത്രം അഭിപ്രായത്തിന് വിടാനാകില്ലെന്നും ഇക്കാര്യത്തിൽ ഇടപെടുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മോറട്ടോറിയം കാലത്ത് മാറ്റി വയ്ക്കുന്ന വായ്പാ ഗഡുക്കളുടെ പലിശയ്ക്ക് പലിശ ഈടാക്കുന്നത് സാധുവല്ലെന്നും കോടതി പറഞ്ഞു.
സാധാരണ കാലത്തെപ്പോലെ കൊവിഡ് കാലം കണക്കാക്കാനാവില്ലെന്ന് പറഞ്ഞ കോടതി ഹർജി ആഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി. വായ്പയിൽ പലിശ ഇളവ് നൽകുന്നത് നിക്ഷേപത്തെ സാരമായി ബാധിക്കുമെന്ന് കേന്ദ്രവും റിസർവ്ബാങ്കും കോടതിയെ അറിയിച്ചു.
മോറട്ടോറിയം സംബന്ധിച്ച് വിഷയങ്ങൾ പുനപ്പരിശോധിക്കാൻ കഴിയുമോയെന്ന് ആലോചിക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും കോടതി നിർദ്ദേശം നൽകി. രാജ്യത്തെ വ്യത്യസ്ത മേഖലകൾക്കനുസൃതമായി മോറട്ടോറിയത്തിന് പുതിയ നയം രൂപീകരിക്കാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനോടും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ. കൗൾ, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ആഗ്രക്കാരനായ ഗജേന്ദ്ര ശർമയാണ് മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കണമെന്നും അത് ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്നും കാണിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തുടർന്നാണ് ആർ .ബി. ഐ. യുടെയും സർക്കാരിന്റെയും അഭിപ്രായം കോടതി തേടിയത്.
മോറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് ആർ. ബി. ഐ. കഴിഞ്ഞ ആഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാർച്ചിൽ മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ. ലോൺ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതിലൂടെ ഇ.എം.ഐ അടവിൽ ഇളവ് ലഭിച്ചിരുന്നു. ലോക്ക് ഡൗൺ നീട്ടിയതോടെ മോറട്ടോറിയം ആറുമാസമാക്കി ആഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു.