ന്യൂഡൽഹി :രാജ്യത്ത് ബി.എസ്.4 രജിസ്ട്രേഷനും വിൽപ്പനയും പൂർണ്ണമായും നിരോധിച്ചതായി സുപ്രീംകോടതി .

ജസ്റ്റിസ് അരുൺ മിശ്ര, എസ്. അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

കൂടുതൽ മെച്ചപ്പെട്ട മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ ഉള്ള ബി.എസ്. 6 വാഹനങ്ങൾ മാത്രമായിരിക്കും മേയ് ഒന്ന് മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്യുകയെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ മൂലം വാഹനങ്ങൾ വിൽക്കാനാവുന്നില്ലെന്ന് കാട്ടി ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ഹർജി സമർപ്പിച്ചു.

ഇതോടെ മാർച്ച് 27 ന് പത്ത് ദിവസം കൂടി വിൽപ്പന - രജിസ്ട്രേഷൻ കാലാവധി സുപ്രീംകോടതി നീട്ടി നൽകി. എന്നാൽ തുടർന്നും വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇനി മേൽ വിൽപ്പന അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. ലോക്ക് ഡൗൺ പിൻവലിച്ചശേഷം രാജ്യത്തെ ആർ.ടി.ഓഫീസുകളിൽ എത്ര ബി.എസ്. 4 വാഹനങ്ങൾ വിറ്റെന്നതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ അഡി.സോളിസിറ്റർ ജനറലിന് നിർദേശം നൽകി. കേസ് വീണ്ടും 19ന് പരിഗണിക്കും.