india-china
INDIA CHINA

ലഡാക് അതിർത്തിയിലെ ഇപ്പോഴത്തെ സംഘർഷത്തിന് ചൈനയെ പ്രകോപിപ്പിച്ചതിന് നിരവധി കാരണങ്ങളുണ്ട്. 370-ാം വകുപ്പ് ഇല്ലാതാക്കി ജമ്മുകാശ്‌മീരിനെ വിഭജിച്ച് ലഡാക്കിനെ പ്രത്യേകം കേന്ദ്രഭരണ പ്രദേശമാക്കിയത് ചൈനയുടെ താത്പര്യങ്ങൾക്ക് തിരിച്ചടിയാണ്. ലഡാക് തർക്ക സ്ഥലമാണെന്നും അതിന്റെ തൽസ്ഥിതി നിലനിറുത്തണമെന്നതുമാണ് ചൈനീസ് നിലപാട്.

ലഡാക് ഭാഗത്തെ നിയന്ത്രണം തന്ത്രപ്രധാനമായി ചൈനയ്‌ക്ക് വളരെ പ്രധാനപ്പെട്ടതാണ്.

കാരക്കോറം ഹൈവേ വഴി പാകിസ്ഥാനുമായുള്ള സൈനിക സഹകരണത്തിന് ആ മേഖലയിൽ സ്വാധീനം വേണം. നേരത്തെ പാകിസ്ഥാന്റെ പല സഹായ അഭ്യർത്ഥനകളും ചൈനയ്‌ക്ക് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പാകിസ്ഥാന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരെ പ്രീതിപ്പെടുത്താനും ഇപ്പോഴുള്ള സൈനിക സംഘർഷം സഹായിക്കുമെന്ന് ചൈനയ്‌ക്കറിയാം.

യു.എസുമായുള്ള ഇന്ത്യയുടെ സഹകരണം വർദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യവും ചൈനയ്‌ക്കുണ്ട്. ലോകത്ത് എവിടെയും യുദ്ധമുണ്ടായാൽ ശത്രുത വർദ്ധിക്കുന്നതാണ് പതിവെങ്കിലും ഹിമാലയൻ മേഖലയിൽ അങ്ങനെയല്ല. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉടലെടുത്താൽ അതു പരിഹരിച്ച് സൗഹൃദം വീണ്ടെടുക്കാനുള്ള നടപടികളാണ് അടുത്ത ഘട്ടത്തിലുണ്ടാകുക. യു.എസിനെ അകറ്റി നിറുത്തി ഇന്ത്യയെ വിശ്വാസത്തിലെടുക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ട്. ചൈനീസ് കമ്പനികളുടെ ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇവിടുത്തെ വിപണി കൂടുതൽ തുറന്നു കിട്ടേണ്ടതും അവരുടെ ആവശ്യമാണ്. കൂടാതെ മഹാമാരി സൃഷ്ടിച്ചജാള്യത മറയ്‌ക്കാനും തനിക്കെതിരെ നടക്കുന്ന ആഭ്യന്തര പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും അതിർത്തിലെ സംഘർഷം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് ആവശ്യമായിരുന്നു.

മോദി സർക്കാരിന്റെ നീക്കങ്ങളും രാഷ്‌ട്രീയ പ്രഖ്യാപനങ്ങളും ചെെനയ്ക്ക് പിടിച്ചിട്ടില്ല.നഷ്ടമായ സ്ഥലങ്ങളെല്ലാം തിരിച്ചുപിടിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളുടെ പ്രസ്‌താവന ചൈനയ്‌ക്ക് തള്ളിക്കളയാനാകില്ല. നേതാക്കൾ ആവേശത്തിൽ പറയുന്നതാണെങ്കിലും തങ്ങൾ ആധിപത്യം സ്ഥാപിച്ച സ്ഥലം നഷ്‌ടപ്പെടുമെന്ന സാഹചര്യം ചൈന അംഗീകരിക്കില്ല.

ഇതിനുപുറമെ അതിർത്തിയിൽ ഇന്ത്യ നിർമ്മിക്കുന്ന തന്ത്രപ്രധാനമായ റോഡ് ഭാവിയിൽ വലിയ ഭീഷണിയായി ചൈന കാണുന്നു. നിലവിൽ ചൈനയ്‌ക്കു മാത്രമാണ് വടക്കൻ ലഡാക് ഭാഗത്ത് വാഹനം ഓടിക്കാൻ സൗകര്യമുള്ള റോഡുള്ളത്. ഇന്ത്യ അതേ തലത്തിലേക്ക് ഉയരുന്നത് ചൈന എന്തു വിലകൊടുത്തും തടയും. മൂന്നുമാസം മുമ്പ് ഇന്ത്യ അതിർത്തിയിൽ നടത്തിയ സൈനിക അഭ്യാസം അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പഴയ ഇന്ത്യൻ സേനയല്ല, ഇപ്പോഴത്തേത് എന്നതും അവർ തിരിച്ചറിയുന്നു.

ഇതിനു പുറമെയാണ് നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നത്.

നേപ്പാളിലെ ജനം ഇന്ത്യയ്‌ക്കൊപ്പമാണ്. നേപ്പാളിനെ ഇതുവരെ സഹായിച്ചിട്ടുള്ളത് ഇന്ത്യയാണ്. അവരുടെ സർക്കാരിന് മേൽ ചൈനയുടെ സമ്മർദ്ദമുണ്ട്. അത് അതിജീവിക്കാൻ നേപ്പാളിന് കഴിയില്ല. കൂടാതെ ചൈനയുമായുള്ള ഇന്ത്യയുടെ തർക്കം പാകിസ്ഥാന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അതിനാൽ അടുത്ത ദിവസങ്ങളിൽ ജമ്മുകാശ്‌മീരിൽ സംഘർഷം വർദ്ധിക്കാനുള്ള സാദ്ധ്യതയേറെയാണ്.

ഇന്തോ-ചൈന അതിർത്തി മുഴുവൻ കരസേനയുടെ നിയന്ത്രണത്തിലല്ലെന്ന കാര്യവും പ്രധാനമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സ്, ആസാം റൈഫിൾസ്, സശസ്‌ത്ര സീമാ ബൽ(എസ്.എസ്.ബി) തുടങ്ങിയ അർദ്ധ സൈനിക വിഭാഗങ്ങളാണ് പല ഭാഗത്തും കാവൽ. ചില സാഹചര്യങ്ങളിൽ ഇത് ഇന്ത്യയ്‌ക്ക് അനുകൂലവും ചിലപ്പോൾ തിരിച്ചടിയുമാകാറുണ്ട്.

പോം വഴി നയതന്ത്ര ചർച്ച

നയതന്ത്രം പിഴച്ചാൽ സംഘർഷം വർദ്ധിക്കും എന്ന അന്താരാഷ്‌ട്ര തിയറി നിലവിലെ സംഘർഷത്തിന് കാരണമായി പറയാം. അതിർത്തി തർക്കം പരിഹരിക്കാനുള്ള വുഹാൻ ഉടമ്പടി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമായിരുന്നു. മഹാബലിപുരത്ത് ചർച്ച നടന്നെങ്കിലും

കാര്യമായ നടപടികളിലേക്ക് കടന്നില്ല. അതിന്റെ ഫലമായി സിക്കിം അതിർത്തിലെ ഡോക്‌ലമിൽ

ഇന്ത്യൻ സൈന്യം പിൻമാറിയെങ്കിലും പൂർണമായി ചൈനീസ് സേന പിൻമാറിയില്ല. ഉടമ്പടി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നയതന്ത്ര സമ്മർദ്ദം ചെലുത്താൻ ഇന്ത്യക്കായില്ല.

2018ലെ വുഹാൻ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിൽ അതിർത്തി നിർണയിക്കേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര തലത്തിൽ അതിർത്തി മാർക്കു ചെയ്‌ത് പില്ലർ തോറും അടയാളപ്പെടുത്തണം. ഇക്കാര്യത്തിൽ ചൈനയ്‌ക്ക് താത്പര്യമുണ്ടാകില്ല. ഇതിനായി നയതന്ത്ര തലത്തിൽ സമ്മർദ്ദം ചെലുത്തണം. ഇന്ത്യ അതിന് മുൻകൈയെടുക്കണം.

അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യാ-ചൈനാ തർക്കം പ്രതിഫലിക്കുമെന്നുറപ്പാണ്. എന്നാൽ യു.എസിന്റെ കെണിയിൽ ഇന്ത്യ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. അവർ സഹായം വാഗ്‌ദാനം ചെയ്യുമെങ്കിലുംസ്വകീരിച്ചാൽ അതു നമുക്ക് ഗുണം ചെയ്യില്ല. യു.എസിന് നഷ്‌ടപ്പെടാനൊന്നുമില്ല. ഇന്ത്യയ്‌ക്കുണ്ട്. പകരം ചൈനയോട് ചേർന്നു നിന്ന് മേശയ്‌ക്ക് ഇരുവശവും ഇരുന്ന് പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് തീർക്കണം.