supreme-court-india
supreme court

ന്യൂഡൽഹി: തന്റെ ഉദരത്തിലെ 25 ആഴ്ച വളർച്ചയുള്ള ഇരട്ടശിശുക്കളിൽ ജനിതക വൈകല്യത്തിന് സാദ്ധ്യതയുള്ള ഒന്നിനെ ഗർഭച്ഛിദ്രം ചെയ്യാൻ യുവതിക്ക് അനുമതി നൽകി സുപ്രീംകോടതി. ഭ്രൂണത്തിന് 'ഗുരുതര ജനതിക വൈകല്യങ്ങൾ' ഉള്ളതിനാൽ 1971ലെ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം ഗർഭച്ഛിദ്രം അനുവദിക്കുന്നതായി ആർ. ഭാനുമതി ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിധിച്ചു. ഉദരത്തിലിരിക്കെ കുഞ്ഞിന് 'ശാരീരിക,​മാനസിക വൈകല്യങ്ങൾ' കണ്ടെത്തിയാൽ ഗർഭച്ഛിദ്രം അനുവദിക്കാമെന്നതാണ് 1971ലെ നിയമം.

ഒരു ശിശുവിന് ഡൗൺ സിൻഡ്രോം എന്ന വൈകല്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് മുംബയ് സ്വദേശി കോമൾ ഹിവാലി (33) ഇരട്ടകളിൽ ഒന്നിനെ ഗർഭച്ഛിദ്രം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിച്ച അമ്മയ്‌ക്കും രണ്ടാമത്തെ കുഞ്ഞിനും കുഴപ്പമുണ്ടാകാതെ ഗർഭച്ഛിദ്രം സാദ്ധ്യമാണോയെന്ന് ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചു. ഗർഭച്ഛിദ്രത്തിന് മെഡിക്കൽ ബോർഡ് അനുകൂല റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചത്.

മേയ് 8ന് നടന്ന പരിശോധനയിലാണ് ഇരട്ടകളിൽ ഒരാൾക്ക് ഡൗൺ സിൻഡ്രോം ഉണ്ടാകാമെന്ന് തെളിഞ്ഞത്. തുടർ പരിശോധനകളിലും ഈ ഫലം ആവർത്തിച്ചതോടെ യുവതി ഗർഭച്ഛിദ്രം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപകട സാദ്ധ്യത കണക്കിലെടുത്ത് കോടതി ആവശ്യം തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.