ന്യൂഡൽഹി: ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ലഡാക്ക് അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമായി തുടരവേ, സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി.
അതേസമയം, ഗാൽവൻ താഴ്‌വരയിൽ ചൈനയുടെ വൻ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നു.
സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നാളെ സർവകക്ഷിയോഗം വിളിച്ചു. വൈകിട്ട് 5ന് നടക്കുന്ന വീഡിയോ കോൺഫറൻസിന് വിവിധ കക്ഷികളുടെ അദ്ധ്യക്ഷൻമാരെ ക്ഷണിച്ചതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. സൈനികർ കൊല്ലപ്പെട്ടതിൽ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് തീരുമാനം.
കൊവിഡ് ചർച്ച ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന്റെ തുടക്കത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഏതാനും നിമിഷം കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥനാ നിരതനായി നിന്ന ശേഷമാണ് അദ്ദേഹം സംസാരിച്ചത്.
അതിർത്തിയിൽ രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ആത്മബലി വെറുതെയാകില്ലെന്ന് മോദി പറഞ്ഞു. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തക്കതായ മറുപടി നൽകിയിരിക്കും. മാതൃഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭാരതമാതാവിന്റെ വീരപുത്രൻമാർ ജീവൻ ബലിദാനം ചെയ്‌തത്. ഈ രക്തസാക്ഷികളുടെ ആത്മബലി വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകുന്നു. ദേശത്തിനായി ബലിദാനം ചെയ്‌തവർക്ക് കൃതജ്ഞതാപൂർവം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രക്തസാക്ഷികളുടെ ബന്ധുക്കൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. രാജ്യമൊട്ടാകെ നിങ്ങൾക്കൊപ്പമാണ്. രാജ്യത്തിന്റെ സ്വപ്‌നങ്ങളും നിങ്ങൾക്കൊപ്പമാണ് - പ്രധാനമന്ത്രി പറഞ്ഞു.
ഏതും സാഹചര്യത്തിലും ഒറ്റക്കെട്ടായി രാജ്യത്തിന്റെ ഒാരോ ഇഞ്ച് ഭൂമിയും സ്വാഭിമാനവും രക്ഷിക്കും. ഇന്ത്യ സമാധാനപ്രിയരാണ്. നമ്മുടെ ഇതിഹാസവും ശാന്തിനിർഭരമാണ്. ലോകാ സമസ്‌തോ സുഖിനോ ഭവന്തു എന്നതാണ് രാജ്യത്തിന്റെ മന്ത്രം.
അയൽരാജ്യങ്ങളുമായി എക്കാലവും സൗഹൃദത്തോടെയാണ് ഇന്ത്യ ഇടപഴകുന്നത്. ഭിന്നതകൾ തർക്കങ്ങളാകാതിരിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ആരെയും പ്രകോപിപ്പിക്കാൻ നാം ശ്രമിച്ചിട്ടില്ല. അതേസമയം രാജ്യത്തിന്റെ അഖണ്ഡതയിലും പരമാധികാരത്തിലും ഒരു വിട്ടുവീഴ്‌ചയ്ക്കുമില്ല. അതിനു നേരെ വെല്ലുവിളി ഉയർന്നപ്പോഴെല്ലാം നമ്മുടെ ശക്തി തെളിയിച്ചിട്ടുണ്ട്.
വൻ സന്നാഹത്തിൽ ചൈന
ധാരണകൾക്ക് വിരുദ്ധമായി ഗാൽവനിൽ ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു
കമാൻഡർതല ധാരണ പ്രകാരം 15ന് സൈന്യത്തെ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും വാക്കു ലംഘിച്ചെന്ന് 16ലെ ചിത്രങ്ങളിൽ വ്യക്തം
പിന്മാറാമെന്ന ഉറപ്പ് ലംഘിച്ച് ചൈനീസ് സേന താഴ്‌വരയിലെ പട്രോൾ പോയിന്റ് 14നു സമീപവും നിലയുറപ്പിച്ചിട്ടുണ്ട്
നദിക്ക് സമാന്തരമായി മലനിരകളുടെ ഇടുക്കിൽ നൂറുകണക്കിന് സൈനികരും സൈനിക വാഹനങ്ങളും ടെന്റുകളും കാണാം
പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതം
സേനയെ പിൻവലിക്കാൻ
ധാരണ
അതേസമയം, അതിർത്തിയിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിൽ ധാരണയായി.