വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ധാരണയായി. ചൈന മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ തുടർച്ചയാണ് അതിർത്തിയിലെ ഏറ്റുമുട്ടലെന്ന് ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖ ലംഘിച്ചെന്ന് ചൈനയും ആവർത്തിച്ചു.
അതിർത്തിയിലെ കാര്യങ്ങൾ വഷളാകുന്ന തരത്തിൽ ഇരുപക്ഷത്തു നിന്നും ഒരു നടപടിയുണ്ടാകില്ലെന്നും ധാരണകൾ പാലിച്ച് സമാധാനം നിലനിറുത്താൻ ശ്രമിക്കാമെന്നും തീരുമാനിച്ചതായി വിദേശമന്ത്രാലയം അറിയിച്ചു. ജൂൺ ആറിന് ധാരണ പ്രകാരം ഇരുപക്ഷവും സൈന്യത്തെ പിൻവലിക്കും.
അതിന് വിരുദ്ധമായാണ് ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സേന പെരുമാറിയതെന്ന് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ കലാശിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് എസ്. ജശങ്കർ പറഞ്ഞു. സൈന്യങ്ങൾ പിൻവാങ്ങാമെന്ന ധാരണയ്‌ക്ക് വിരുദ്ധമായി ചൈന ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം നിർമ്മാണങ്ങൾ നടത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തൽസ്ഥിതി തുടരണമെന്ന ധാരണയ്‌ക്ക് വിരുദ്ധമാണിത്. അസാധാരണമായ സംഭവങ്ങൾ ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ചെയ്‌തികൾ പുന:പരിശോധിച്ച് പരിഹാര നടപടിയെടുക്കാൻ അദ്ദേഹം ചൈനയോട് ആവശ്യപ്പെട്ടു. ധാരണകൾ ഇരുപക്ഷവും കർശനമായി നടപ്പാക്കണം. സൈന്യങ്ങൾ ഉഭയകക്ഷി കരാറുകളും ധാരണകളും പാലിക്കാൻ ബാദ്ധ്യസ്ഥമാണ്. ഏകപക്ഷീയമായി നിയന്ത്രണ രേഖ മറികടക്കരുതെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖ ലംഘിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി ഇന്ത്യ നടപടിയെടുക്കണമെന്നും വാംഗ് യി പറഞ്ഞു. അതിർത്തി ലംഘനം ചോദ്യം ചെയ്‌ത് തങ്ങളുടെ ഓഫീസർമാരെയും സൈനികരെയും ആക്രമണത്തിന് പ്രേരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.