ന്യൂഡൽഹി: ലഡാക്കിൽഇരുപത് ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചതിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചത്.
ഇന്ത്യൻ ഭടന്മാരുടെ മരണ വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ചൊവ്വാഴ്‌ച രാത്രി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതലസമിതി യോഗം ചേർന്നിരുന്നു. ഇന്നലെ രാവിലെ സമിതി വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സർവകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം വന്നതും തുടർന്നാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സർക്കാർ തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി സ്വാഗതം ചെയ്‌തു. 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കം പ്രതിപക്ഷം നിരന്തരം പ്രസ്‌താവനകൾ ഇറക്കുകയാണ്. പ്രധാനമന്ത്രി മൗനം ഭഞ്ജിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നരേന്ദ്രമോദി ശക്തമായ പ്രസ്‌താവന നത്തിയത്. ചൈനയ്‌ക്ക് തക്കതായ മറുപടി നൽകണമെന്നും അതിർത്തിയിലെ കാര്യങ്ങൾ വിശദീകരിക്കണമെന്നും ശിവസേന, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.