covid-19

ന്യൂഡൽഹി: കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ ഞായറാഴ്ച ചേർന്ന ഉന്നത തല യോഗത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലെഫ്. ജനറൽ അനിൽ ബൈജാൽ, കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു. ഇതോടെ ഇവരെല്ലാം ക്വാറന്റൈനിൽ പോകേണ്ടി വരുമെന്നാണ് ആശങ്ക.

കടുത്ത പനിയെ തുടർന്ന് രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാലാണ് 55കാരനായ സത്യേന്ദ്ര ജെയിനെ തിങ്കളാഴ്ച രാത്രി ഡൽഹിയിലെ കൊവിഡ് ആശുപത്രിയായ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാൽ പനി കൂടിയതിനെ തുടർന്ന് ഇന്നലെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. കൊവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന ഡൽഹിയിൽ കൊവിഡ് പ്രതിരോധ പ്രവ‌ർത്തനങ്ങളിൽ ജെയിൻ സജീവമായി രംഗത്തുണ്ടായിരുന്നു.

ഡൽഹിയിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ ഞായറാഴ്ച ചേർന്ന ഉന്നത തല യോഗത്തിൽ എയിംസ് ഡയറക്ടർ, സംസ്ഥാന ദുരന്തനിവാരണ സമിതി അംഗങ്ങൾ, കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ അമിത്ഷായുടെ നേതൃത്വത്തിൽ തിങ്കളാഴ്ചയും യോഗം നടന്നിരുന്നു. അന്ന് എൽ.എൻ.ജെ.പി ആശുപത്രിയിലും അമിത്ഷാ സന്ദർശനം നടത്തി.

അതിനിടെ ഡൽഹിയിൽ വരുംദിവസങ്ങളിൽ കൂടുതൽ ഐ.സി.യു കിടക്കൾ അടിയന്തരമായി ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കേജ്‌രിവാൾ ട്വീറ്റ് ചെയ്തു.