ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വീർഭൂം ജില്ലയിലെ ബെൽഗാരിയ ഗ്രാമത്തിൽ നിന്ന് രാജേഷ് ഓറംഗ് (26) ആറുവർഷം മുമ്പാണ് കര സേനയിൽ ചേർന്നത്. മെയിൽ വരുമ്പോൾ പെങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞാണ് എട്ടുമാസം മുമ്പ് മടങ്ങിയത്. ലോക്ക്ഡൗൺ മൂലം അത് മുടങ്ങി. എങ്കിലും സഹോദരൻ വൈകാതെ വന്ന് വിവാഹ തീയതി നിശ്ചയിക്കുന്നത് കാത്തിരിക്കുകയായിരുന്നു പെങ്ങൾ. പക്ഷേ ഇന്നലെ 16 ബിഹാർ റജിമെന്റ് സൈനിക ആസ്ഥാനത്തു നിന്ന് വന്ന ഫോൺ സന്ദേശം അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകർത്തു.
അതിർത്തിലെ സംഘർഷത്തിൽ മരിച്ച 20 സൈനികരിൽ ഒരാളായ രാജേഷിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് സുബാസ് ഓറംഗ് രോഗബാധിതനായി കിടപ്പിലാണ്. രണ്ടാഴ്‌ച മുമ്പ് പെങ്ങളെ ഫോണിൽ വിളിച്ചപ്പോൾ മലയ്‌ക്കു മുകളിലേക്ക് പോകുകയാണെന്നും ബേസ് ക്യാമ്പിൽ തിരിച്ചെത്തിയ ശേഷം വീണ്ടും വിളിക്കാമെന്നും പറഞ്ഞു. അതിർത്തിയിലെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്‌ച വൈകിട്ട് മരിച്ചു.
അതേസമയം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാജേഷിന്റെ ദയനീയാവസ്ഥ മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചു. അടുത്ത ബന്ധുക്കളിലൊരാൾക്ക് ജോലിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.