ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ വീണ്ടും ലോക് ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളി.ഈ അഭ്യൂഹങ്ങൾക്കെതിരെ പോരുതണമെന്നും അൺലോക്ക് 2 നെ കുറിച്ച് ചിന്തിക്കേണ്ട ഘട്ടമാണിതെന്നും 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി കുറയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കണം. മുൻകരുതലുകളോടെ സാമ്പത്തികപ്രവർത്തനങ്ങൾ വേഗത്തിലാക്കണം. നിയന്ത്രണങ്ങളിൽ ഇളവുണ്ടായതോടെ സമ്പദ് വ്യവസ്ഥയിൽ ഉണർവുണ്ട്. പണപ്പെരുപ്പവും നിയന്ത്രണവിധേയമാണ്. പശ്ചാത്തലസൗകര്യ,നിർമ്മാണ അനുബന്ധ പ്രവർത്തനങ്ങൾക്ക് ഉണർവേകാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണം. കുടിയേറ്റ തൊഴിലാളികൾ വരും മാസങ്ങളിലും നേരിടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജാഗ്രത തുടരണം. കൃത്യമായ പരിശോധനയിലൂടെയും ചികിൽസയിലുടെയും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നു. നിലവിലെ പരിശോധനാ ശേഷി പരമാവധി ഉപയോഗപ്പെടുത്തണം. കാലവർഷവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം. കൊവിഡ് പോരാളികളെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും തുടരണം. രോഗംപിടിക്കപ്പെടുമോയെന്ന ഭയത്തെ ചെറുക്കേണ്ടതുണ്ടെന്നും രോഗംവന്നതിൽ നല്ലൊരു പങ്കും രോഗമുക്തരായതടക്കമുള്ള കാര്യങ്ങളിൽ ബോധവത്കരണം നടത്തി ആളുകളുടെ ഭയമില്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, യു.പി, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച കേരളമടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു.