ന്യൂഡൽഹി: ലഡാക് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ 30ഓളം ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിലെന്ന് സൂചന. എന്നാൽ, നാലുപേർ മാത്രമാണെന്നാണ് കരസേനയുടെ ഔദ്യോഗിക ഭാഷ്യം.
തിങ്കളാഴ‌്‌ച വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ നീണ്ട സംഘർഷത്തിനിടെ തണുത്തുറഞ്ഞ വെള്ളമൊഴുകുന്ന നദിയിലും മലനിരകൾക്കിടയിലെ അഗാധ ഗർത്തങ്ങളിലും ഇരു പക്ഷത്തെയും സൈനികർ വഴുതി വീണിരുന്നു. അടിപിടിയിൽ സാരമായ മുറിവും പറ്റിയിരുന്നു ഇവർക്ക്.
മൃതദേഹങ്ങൾ എവിടെ നിന്ന് കണ്ടെടുത്തു തുടങ്ങിയ കാര്യങ്ങൾ രഹസ്യമായി വച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ചിലർ മരിച്ചതെന്നും അറിയുന്നു. ഭൗതിക ശരീരം ലേയിലെ ബേസ് ക്യാമ്പിലെത്തിച്ച ശേഷം നേരിട്ട് സ്വദേശങ്ങളിലേക്ക് അയയ്‌ക്കുകയാണ്.