ന്യൂഡൽഹി: കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും വേതനം മുടങ്ങരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകാനാണ് കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം നൽകിയത്. കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് താമസം, വേതനം എന്നിവ ലഭ്യമാക്കുന്നില്ലെന്ന ആരുഷി ജയിൻ, ഡോക്ടർ ജെറിയിൽ ബനിയറ്റ് എന്നിവരുടെ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വേതനം കൃതമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കണം.
കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടുന്ന ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് ഒരാഴ്ച ക്വാറന്റീൻ ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഒരാഴ്ചയ്ക്ക് ശേഷം പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കണം. ഇന്ന് (18ന്) ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റീൻ ഒരുക്കാനായി പഞ്ച നക്ഷത്ര ഹോട്ടലുകളിൽവരെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും ഹർജി വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു.