അതിർത്തിയിൽ പട്രോൾ ഡ്യൂട്ടിക്കിടെ 20 ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം ഭീകരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം ഇന്ത്യയിലുടനീളം അലയടിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം.
ഷീ ജിൻപിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി സൽക്കാരം ഒരുക്കിയ വാരാണസിയിലും അഹമ്മദാബാദിലും ശക്തമായ പ്രതിഷേധം ഉയർന്നു.
അതിനിടെ ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കണമെന്ന വാദം ശക്തമാവുന്നു. സാമ്പത്തിക നിസഹകരണത്തിന്റെ സൂചന നൽകി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ചൈനീസ് കമ്പനിയെ കരാറിൽ പങ്കെടുക്കന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ, വിപുലമായ ബഹിഷ്കരണം യാഥാർത്ഥ്യമാവുമെന്ന് ഇപ്പോൾ പറയാനാവില്ല.ഇന്ത്യൻ ടെലികോം മേഖലയിലെ ഭീമൻമാരായ രണ്ടു കമ്പനികൾക്ക് ചൈനയുമായി വിപുലമായ ഇടപാടുകളുണ്ട്. മറുവശത്ത്
ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ വ്യവസായിക ഉല്പാദനം ശോഷിക്കാൻ ഇടയാക്കിയിട്ടുണ്ട്.
അടുത്ത അഞ്ചോ, പത്തോ വർഷത്തേക്ക് എന്തായിരിക്കണം വിദേശകാര്യ നയവും ലക്ഷ്യവും എന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടിയിരിക്കുന്നു.
ചൈനയുടെ ശരിക്കു മനസിലാക്കാൻ ഇന്ത്യയ്‌ക്ക് കഴിയുന്നില്ല. അൽപാൽപ്പമായി ഇന്ത്യയുടെ പ്രദേശങ്ങളെ കൈവശപ്പെടുത്തുന്നതാണ് അവരുടെ രീതി. പറയുന്നത് പോലെയല്ല പ്രവൃത്തി. അതുകൊണ്ടുതന്നെ ഭിന്നതകൾ ഇല്ലാതാക്കാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ വിഫലമാവുന്നു.
ലഡാക്കിലെ സംഘർഷം പുറത്തറിഞ്ഞ ഉടൻ ബീജിംഗിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു. ന്യൂഡൽഹിയിൽ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിക്കാൻ ഇന്ത്യ തയ്യാറായില്ല.
ചൈനയെ ചർച്ചയിലേക്ക് കൊണ്ടുവരണമെങ്കിൽ ചൈന ഒരു പോയിന്റിൽ കടന്നു കയറിയാൽ മറ്റൊരു പോയിന്റിൽ ഇന്ത്യ കടന്നുകയറണം. ഇത്തരത്തിൽ പലപോയിന്റുകളിൽ കടന്നുകയറ്റം സംഭവിക്കുമ്പോൾ
പരസ്പര ധാരണയിൽ ചർച്ചയ്ക്കും സൈനിക പിൻമാറ്റത്തിനും വഴിയൊരുങ്ങും.
(ലേഖകൻ മുൻ ഇന്ത്യൻ അംബാസിഡറും വിദേശകാര്യ വിദഗ്ദ്ധനുമാണ്)