china-attack

ന്യൂഡൽഹി: ലഡാക്ക് അതിർത്തി ലംഘിച്ച ചൈനീസ് പട്ടാളക്കാരുമായുണ്ടായ സംഘർഷത്തിൽ ജീവത്യാഗം ചെയ്ത 20 ധീരജവാന്മാർക്ക് വീരോചിതമായി രാജ്യം യാത്രാമൊഴി നൽകി.

കുടുംബാംഗങ്ങൾ കരൾപിളർക്കുന്ന ദുഃഖം ഉള്ളിലൊതുക്കി, ധീരഭടൻമാർക്ക് ദേശാഭിമാനം തുടിക്കുന്ന വിടവാങ്ങലാണ് നൽകിയത്.

ബന്ധുക്കളും നാട്ടുകാരും സൈനികരും ഭരണാധികാരികളും പൊതുപ്രവർത്തകരും അടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഭൗതിക ശരീരങ്ങൾ ബുധനാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചയോടെയും വിമാനമാർഗം സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് പുഷ്പാലംകൃതമായ ആംബുലൻസിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി വസതിയിലേക്ക് കൊണ്ടുപോകവേ, ദേശീയ പതാക വീശിയും പുഷ്പവൃഷ്ടി നടത്തിയും വഴിനീളെ ജനങ്ങൾ ആദരവ് പ്രകടിപ്പിച്ചു.

വികാര നിർഭരമായ രംഗങ്ങളാണ് ഓരോ വീട്ടിലും അരങ്ങേറിയത്. ചൈന വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഹിമാചൽപ്രദേശ് സ്വദേശിയും ഇരുപത്തിയൊന്നുകാരനുമായ സിപോയ് അങ്കുഷ് ഠാക്കൂർ കരോഹ്ട്ടയുടെ സംസ്‌ക്കാര ചടങ്ങിൽ മുഴങ്ങിയത്.

കേണൽ സന്തോഷിന് അമ്മയുടെ

ഒക്കത്തിരുന്ന് അഭിവാദ്യം ചെയ്ത് മകൻ

ലെഡാക്കിൽ കമാൻഡിംഗ് ഓഫീസറായിരുന്ന തെലങ്കാന സ്വദേശി കേണൽ സന്തോഷ് ബാബുവിന് അന്ത്യാഞ്ജലി നൽകാനെത്തിയ നാലുവയസുകാരൻ മകൻ അനിരുദ്ധ് അമ്മയുടെ ഒക്കത്തിരുന്ന് അഭിവാദ്യം ചെയ്യുന്ന കാഴ്ച വികാരനിർഭരമായ നിമിഷങ്ങളാണ് സൃഷ്ടിച്ചത്. ഭാര്യ സന്തോഷി ഉറ്റബന്ധുക്കൾക്കൊപ്പം നിന്ന് ആദ്യം സല്യൂട്ട് ചെയ്തു. അവസാനമായി ആ മുഖം കാണാൻ അടുത്തേക്ക് നീങ്ങിയപ്പോൾ കൈകൾ കൂപ്പി വണങ്ങി.

ബുധനാഴ്ച രാത്രിതന്നെ ത്രിവർണ പതാകയിൽ പൊതിഞ്ഞ സന്തോഷിന്റെ ഭൗതിക ശരീരം ലഡാക്കിൽ നിന്ന് സേനാവിമാനത്തിൽ തെലങ്കാനയിലെ ഹക്കിംപേട്ട് എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. അവിടെനിന്ന് വിലാപയാത്രയായി സ്വദേശമായ സൂര്യാപേട്ടിലേക്ക് നീങ്ങി. ധീരജവാനെ വാഴ്ത്തി വഴിനീളെ ജനങ്ങൾ പുഷ്പവൃഷ്ടി നടത്തി.

ഇന്നലെ രാവിലെ ഒൻപതരയോടെ പൊതുദർശനത്തിന് വച്ചു. മന്ത്രിമാരും മറ്റ് ഉന്നതരും അടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ജോലിയിൽ നിന്ന് വിരമിച്ചശേഷം കൃഷിചെയ്യാനായി സന്തോഷ് വീടിനോട് ചേർന്ന് വാങ്ങിയ സ്ഥലത്താണ് ചിതയൊരുക്കിയത്. ഭൗതികദേഹത്തിൽ പുതപ്പിച്ചിരുന്ന ദേശീയ പതാകയും സന്തോഷിന്റെ ഔദ്യോഗിക വസ്ത്രങ്ങളും ഭാര്യ സന്തോഷിസൈനികരിൽ നിന്ന്ഏറ്റുവാങ്ങി. ഒൻപതു വയസുകാരി മകൾ അഭിഗ്നയും മകൻ അനിരുദ്ധും അച്ഛനെ അവസാനമായി കണ്ടു. തുടർന്ന് പിതാവ് മകനുവേണ്ടി കർമ്മങ്ങൾ ചെയ്തു. സൈന്യം ആചാരപരമായ വിടവാങ്ങൽ നൽകിയതോടെ ഭൗതിക ശരീരം ചിതയിലേക്ക് എടുത്തു. സമാനമായ വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചും നാട്ടിലെ ആചാരങ്ങൾക്ക് അനുസൃതമായും വീരമൃത്യുവരിച്ച മറ്റു പത്തൊൻപതു സൈനികർക്കും രാജ്യം വിടചൊല്ലി.