ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. ബുധനാഴ്ച 13,107 പുതിയ രോഗികളും 341 മരണവും. ആകെ കേസുകൾ 3.75 ലക്ഷം പിന്നിട്ടു. മരണം 12,500 കടന്നു.
24 മണിക്കൂറിനിടെ 12,881 പുതിയ രോഗികളും 334 മരണവുമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള ഉയർന്ന കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7390 പേർ രോഗമുക്തി നേടി. 194324 പേർക്ക് ഇതുവരെ രോഗംഭേദമായി. രോഗമുക്തി നിരക്ക് 52.96 ശതമാനമായി ഉയർന്നു.
കൊവിഡ് ടെസ്റ്റിനായി ആദ്യ മൊബൈൽ ലാബ് (ഇൻഫക്ഷൻ ഡിസീസസ് ഡയഗനോസ്റ്റിക് ലാബ്) കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തു. പരിശോധനാസംവിധാനങ്ങളില്ലാത്ത രാജ്യത്തെ വിദൂര മേഖലകളിലാണ് ഈ സേവനം ഉപയോഗിക്കുക. പ്രതിദിനം 25 ആർ.ടി - പി.സി.ആർ ടെസ്റ്റ് നടത്താൻ ശേഷിയുണ്ട്. 300 എലിസ ടെസ്റ്റും ടി.ബി, എച്ച്.ഐ.വി, പരിശോധന സംവിധാനവുണ്ട്.
കർണാടകയിൽ 210 പുതിയ രോഗികളും 12 മരണവും
ആന്ധ്രാപ്രദേശിൽ 425 പുതിയ രോഗികൾ. രണ്ട് മരണം.
ഉത്തർപ്രദേശ് 604, ഉത്തരാഖണ്ഡ് 57, ഒഡിഷ 174, അസം 82 പുതിയ രോഗികൾ
കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടിൽ പൊലീസുകാരൻ മരിച്ചു. ചെന്നൈയിലെ മമ്പലം സ്റ്റേഷനിലെ ഇൻസ്‌പെക്ടറാണ് (47) മരിച്ചത്. തമിഴ്നാട് പൊലീസിലെ ആദ്യ കൊവിഡ് മരണമാണിത്.
മഹാരാഷ്ട്രയിൽ വ്യവസായമേഖല ഘട്ടംഘട്ടമായി തുറക്കാൻ തുടങ്ങിയതോടെ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങി. പ്രതിദിനം 15,000ത്തിലേറെ തൊഴിലാളികളാണ് സംസ്ഥാനത്ത് മടങ്ങിയെത്തുന്നതെന്ന് ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖ് അറിയിച്ചു.
ഡൽഹിയിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ആരംഭിച്ചു. ദക്ഷിണകൊറിയയിൽ നിന്നുള്ള അരലക്ഷം കിറ്റുകൾ എത്തി. വരുംദിവസങ്ങളിലായി 6 ലക്ഷം കിറ്റുകൾ ദേശീയതലസ്ഥാനത്ത് എത്തും. കണ്ടെയ്ൻമെന്റ് സോണുകളിലായി 169 പരിശോധനാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
ഡൽഹി ദേശീയ തലസ്ഥാനമേഖലയിലെ കൊവിഡ് സാഹചര്യം ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി.
ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഋഷികേശ് പച്ചക്കറി മാർക്കറ്റ് അടച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ജാർഖണ്ഡ് നിരോധിച്ചു.