കുറ്റം ഇന്ത്യയ്‌ക്കുമേൽ ചാരി ചൈന
ന്യൂഡൽഹി: മുൻധാരണകൾ പ്രകാരം ചൈനീസ് സേന നിയന്ത്രണ രേഖ മാനിക്കണമെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക തലത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.അതിർത്തിലെ സംഘർഷത്തിന് ഉത്തരവാദി ഇന്ത്യൻ സൈനികരാണെന്ന ആരോപണം ചൈന ഇന്നലെയും ആവർത്തിച്ചു.
ഇന്ത്യൻ സേനയുടെ നടപടികളെല്ലാം നിയന്ത്രണ രേഖയ്‌ക്കുള്ളിലാണ്. ചൈനയും ഇതു പാലിക്കണമെന്ന് ആവശ്യപ്പെടുന്നു. ജൂൺ ആറിന് കമാൻഡർ തലത്തിൽ നടന്ന ചർച്ചയ്‌ക്കു ശേഷം തിങ്കളാഴ്‌ച ചൈനീസ് മുൻകൂട്ടി ആസൂത്രണം ചെയ്‌ത് നിയന്ത്രണരേഖ ലംഘിക്കുകയായിരുന്നു. സംഘർഷം കുറയ്‌ക്കാൻ ഇരുപക്ഷവും ആശയവിനിമയം നടത്തുന്നുണ്ട്. നയതന്ത്ര-സൈനിക തലത്തിൽ ചർച്ചകൾ തുടരുന്നു. ഇന്നലെ മേജർ ജനറൽ തലത്തിൽ കൂടിക്കാഴ്‌ച നടന്നതും അദ്ദേഹം സൂചിപ്പിച്ചു.
കമാൻഡർ തലത്തിലെ ധാരണകൾ ഇന്ത്യൻ സൈനികരാണ് ലംഘിച്ചതെന്ന് ചൈനീസ് സൈനിക വക്താവ് ഷാവോ ലീജിയാൻ ആരോപിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഇരുരാജ്യങ്ങളിലെയും നേതാക്കളുണ്ടാക്കിയ ധാരണകൾ പാലിച്ച് സമാധാനം പാലിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ഐ.സി സമ്മേളനം മാറ്റില്ല
റഷ്യ, ഇന്ത്യ, ചൈന (ആർ.ഐ.സി) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ജൂൺ 23ന് വീഡിയോകോൺഫറൻസ് വഴി നടക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യോഗം മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. വിദേശകാര്യ മന്ത്രിമാർ കൊവിഡും മറ്റ് കാലിക വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. മാർച്ചിൽ ആദ്യം തീരുമാനിച്ചിരുന്ന സമ്മേളനം കൊവിഡ് മൂലം മാറ്റിവച്ചതാണ്.