ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സിംഗ് ഹോമുകളിലെയും നഴ്‌സുമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഡൽഹി ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾ കൊവിഡ് ബാധിച്ച് രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിലാണ് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കണമെന്ന് കോടതി നിർദേശം നൽകിയത്. മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉൾപ്പടെയുള്ളവരുടെ നേതൃത്യത്തിൽ നടത്തുന്ന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ ഇൻഷ്വറൻസ് പദ്ധതിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരെയും ജീവനക്കാരെയും ഉൾപ്പെടുത്തണം. ഒരു ജോലി ചെയ്യുന്നവർക്ക് തുല്യ സുരക്ഷ ഉറപ്പു വരുത്തണം. ഒരാഴ്ചയ്ക്കുള്ളിൽ സ്വകാര്യ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ പരിശോധിച്ച് വിലയിരുത്തണം എന്നിവയായിരുന്നു ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. ഡി.എം.സിക്ക് വേണ്ടി അഭിഭാഷകനായ മനോജ് വി. ജോർജാണ് ഹാജരായത്.