ന്യൂഡൽഹി: പത്ത് കോടി ടൺ കൽക്കരി വാതകമാക്കി മാറ്റാനുള്ള പദ്ധതി തയ്യാറായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്‌മനിർഭര ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി 41 കൽക്കരി പാടങ്ങളുടെ വാണിജ്യ ഖനനത്തിനുള്ള ലേല നടപടികൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 ഓടെ പൂർത്തിയാകുന്ന പദ്ധതിയുടെ ഭാഗമായ നാലു മേഖലകളിൽ 20,000 കോടി രൂപ നിക്ഷേപിക്കും. ഖനനം നടക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കും. ഗതാഗതത്തിനും മറ്റും 50,000 കോടി രൂപ ചെലവഴിക്കും.
കൽക്കരിപ്പാടങ്ങളുടെ വാണിജ്യവൽക്കരണം പ്രകൃതിചൂഷണം നടത്തിയാകില്ല. 'നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൽക്കരിയിൽ നിന്ന് ഗ്യാസ് ഉണ്ടാക്കി ഗതാഗത, പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പരിഷ്‌കരണങ്ങൾക്ക് ശേഷം കൽക്കരി രംഗത്ത് രാജ്യം സ്വയം പര്യാപ്തത കൈവരിക്കും.
രാജ്യത്തെ 16 ജില്ലകളിൽ ഉയർന്ന നിലയിൽ കൽക്കരി നിക്ഷേപം ഉണ്ടെങ്കിലും അവിടുത്തെ ജനങ്ങൾക്ക് ഇതുവരെ അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. കൽക്കരി മേഖലയിലെ പരിഷ്‌കരണവും നിക്ഷേപവും രാജ്യത്തെ ഗിരിവർഗക്കാരുടെ ജീവിത നിലവാരം കൂട്ടും. കൽക്കരി ഉൽപ്പാദനം വഴിയുള്ള അധിക വരുമാനം പ്രദേശിക ജനതയുടെ ക്ഷേമത്തിനായി വിനിയോഗിക്കും - മോദി പറഞ്ഞു.
ആഭ്യന്തര വിഭവങ്ങൾ കണ്ടെത്തി ഇറക്കുമതി കുറയ്‌ക്കലാണ് ലക്ഷ്യം. ലോകത്തെ നാലാമത്തെ കൽക്കരി ശേഖരമുണ്ടായിട്ടും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായതിലെ വൈരുദ്ധ്യം അവസാനിപ്പിക്കണം. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി നാം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.