covid

തമിഴ്‌നാട്ടിൽ പ്രതിദിനം രണ്ടായിരത്തിലേറെ രോഗികൾ, വിദ്യാഭ്യാസമന്ത്രിക്കും കൊവിഡ്

ന്യൂഡൽഹി: ഒരാഴ്ചയിലേറെയായി പ്രതിദിനം രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 2,877 കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ ആകെ രോഗികളുടെ എണ്ണം 50,009 ആയി. ഇന്നലെ മരിച്ച 65 പേരുൾപ്പടെ ആകെ മരണം 1,969. കൊവിഡ് പ്രതിരോധത്തിൽ ഡൽഹിക്ക് വീഴ്ചയുണ്ടെന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിരന്തര വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് രോഗവ്യാപനം വർദ്ധിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി 242 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.

ഇതിനിടെ കൊവിഡ് സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കാതെ ജോലി ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും ഡോക്ടർമാരും സമരത്തിലേക്ക് നീങ്ങിയത് ആശങ്ക ഇരട്ടിയാക്കി. ആരോഗ്യമന്ത്രി, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങി നനാ തുറയിലേക്ക് വ്യാപിച്ചിരിക്കുകയാണ് കൊവിഡ് ബാധിതരുടെ പട്ടിക.

 ആശങ്കയിൽ തമിഴ്നാട്

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അൻപഴകനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. ഇന്നലെ മാത്രം 2,141പുതിയ രോഗികൾ. ഇതോടെ ആകെ രോഗികൾ 52,334 ആയി. വ്യാഴാഴ്ച മരിച്ച 49 പേർ ഉൾപ്പെടെ 625 മരണം. രോഗ വ്യാപനം കണക്കിലെടുത്ത് ചെന്നൈ, തിരുവല്ലൂർ, കാഞ്ചീപുരം. ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ 30 വരെ നീട്ടി.

 മഹാരാഷ്ട്രയിൽ 3,725 പുതിയ രോഗികൾ. ഒറ്റദിവസത്തെ റെക്കാർഡാണിത്. ആകെ രോഗികൾ ​1,20,504 ആയി. മരിച്ചത് 5,751 പേരാണ്.

 കൊവിഡ് നെഗറ്റീസ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂവെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു. തമിഴ്‌നാട് അതിർത്തിയായ കൂടല്ലൂർ, വില്ലുപുരം എന്നിവ അടയ്ക്കും.

 ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ള ഓഫീസ് താത്കാലികമായി അടച്ചു.

(ബോക്‌സ്)

ഇന്നലെ13,586 രോഗികൾ

മരണം 336


രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളിൽ 13,586 പുതിയ രോഗികൾ. ഒരുദിവസത്തിനുള്ളിൽ കൊവിഡ് ബാധിക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. 336 മരണം. രാജ്യത്ത് ആകെ രോഗികൾ 3,80,532. ആകെ മരണം 12,573. രോഗമുക്തരായത് 2,04711പേർ. രോഗമുക്തി നിരക്ക് 53.79 ശതമാനത്തിലെത്തിയത് പ്രതീക്ഷ നൽകുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.