മരിച്ചത് 13 സൈനികർ
ന്യൂഡൽഹി: ലഡാക് അതിർത്തിയിലെ സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്വം ഇന്ത്യയ്‌ക്കാണെന്ന് ചൈന വീണ്ടും ആരോപിച്ചു. പത്ത് ഇന്ത്യൻ സൈനികരെ തടവിൽ വച്ചെന്ന വാർത്തയും ചൈനീസ് വിദേശമന്ത്രാലയം നിഷേധിച്ചു. അതിനിടെ, 13 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നും 35ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും അമേരിക്കൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
കൊല്ലപ്പെട്ട അവരുടെ സൈനികരെ സംബന്ധിച്ച് ചൈന മൗനം തുടരുന്നതിനിടെയാണ് 13 സൈനികർ കൊല്ലപ്പെട്ടെന്നും 35ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി യു.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്.
സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾ തുടരുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.ഇന്ത്യയിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മേജർ ജനറൽ തലത്തിലെ ചർച്ചയ്‌ക്കുശേഷം ഇരുപക്ഷവും തടവിലാക്കിയ സൈനികരെ മോചിപ്പിച്ചതായി വാർത്തയുണ്ടായിരുന്നു. രണ്ട് മേജർമാർ, രണ്ട് ക്യാപ്‌ടൻമാർ, ആറ് ജവാൻമാർ എന്നിവരെെ ചൈന മോചിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്.
ഇരുമ്പ് ദണ്ഡും മറ്റുമുപയോഗിച്ചുള്ള ആക്രമണത്തിൽ 78ഓളം ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായി അറിയുന്നു. ലേ ബേസ് ക്യാമ്പിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള 18പേർക്ക് ഗുരുതര പരിക്കുണ്ട്. 58സൈനികർ നിസാര പരിക്കുകളുമായി ചികിത്സയിലാണ്.