@സൊറൻ മൂന്നാം തവണ
@ആന്ധ്രയിൽ നാല് സീറ്റും വൈ. എസ്. ആറിന്
ന്യൂഡൽഹി: ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസും മദ്ധ്യപ്രദേശിൽ ബി.ജെ.പിയും ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസും നേട്ടമുണ്ടാക്കി. കോൺഗ്രസ് പരാതിയെ തുടർന്ന് ഗുജറാത്തിലെ വോട്ടെണ്ണൽ തടസപ്പെട്ടു. പത്തു സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.
രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റ് കിട്ടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നീരജ് ഡാങ്കിയും. ബി.ജെ.പിക്ക് ഒരു സീറ്റ് - രാജേന്ദ്ര ഗെലോട്ട്. ബി. ജെ. പിയുടെ രണ്ടാം സ്ഥാനാർത്ഥി തോറ്റു. ഇതോടെ രാജസ്ഥാനിലെ പത്ത് രാജ്യസഭാ സീറ്റിൽ കോൺഗ്രസിന് മൂന്നെണ്ണമായി. ബാക്കി ഏഴും ബി. ജെ. പിക്കാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും മദ്ധ്യപ്രദേശിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ടു. സിന്ധ്യയെ കൂടാതെ ബി. ജെ. പിയുടെ സുമേർസിംഗ് സോലങ്കിയും വിജയിച്ചു. നാലു തവണ കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായാണ് രാജ്യസഭയിലെത്തുന്നത്.
ജെ. എം. എം. ഭരിക്കുന്ന ജാർഖണ്ഡിൽ പാർട്ടി നേതാവ് നേതാവ് ഷിബു സോറൻ മൂന്നാം തവണയും രാജ്യസഭാംഗമായി. അവിടെ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശ് രാജ്യസഭയിലേക്ക് കന്നിവിജയം നേടി. കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി.
എം.എൽ.എമാരുടെ റിസോർട്ട് വാസം വഴി ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ശ്രദ്ധ നേടിയിരുന്നു. ഗുജറാത്തിൽ ബി.ജെ.പിയുടെ മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസമ, എം.എൽ.എ കേസ്‌രിസിംഗ് സോളങ്കി എന്നിവരുടെ വോട്ടുകളെ ചൊല്ലി പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയാണ് എതിർപ്പുയർത്തിയത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ അഭയ് ഭരദ്വാജ്, റാമില ബാര, കോൺഗ്രസിന്റെ ശക്തി സിംഗ് ഗോഹിൽ എന്നിവർ ജയിക്കും. നാലു വോട്ടുകൾ കുറവായതിനാൽ കോൺഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാർത്ഥി ഭരത് സിംഗ് സോളങ്കിക്ക് ജയസാദ്ധ്യത കുറവാണ്. മൂന്നാം സ്ഥാനാർത്ഥി നർഹരി അമീനിനെ വിജയിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ആന്ധ്രയിൽ നാലു സീറ്റിലും ഭരണകക്ഷിയായ വൈ.എസ്.ആർ.ആർ കോൺഗ്രസ് ജയിച്ചു.
മഹാരാഷ്‌ട്രയിൽ നിന്ന് എൻ.സി.പി നേതാവ് ശരത് പവാർ, ശിവസേന നേതാവ് പ്രിയങ്കാ ചതുർവേദി, കർണാടകയിൽ നിന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ കേന്ദ്രമന്ത്രി മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എൻ. ഡി.എയ്ക്ക് ഭൂരിപക്ഷം തികയില്ല
ഇന്നലത്തെ തിരഞ്ഞെടുപ്പിനു ശേഷവും എൻ.ഡി.എയ്‌ക്ക് രാജ്യസഭയിൽ ഭൂരിപക്ഷമാകില്ല. 245 അംഗ സഭയിൽ ബില്ലുകളും മറ്റും പാസാക്കാനുള്ള ഭൂരിപക്ഷം 123 ആയിരിക്കെ ബി.ജെ.പിക്കും സംഖ്യകക്ഷികൾക്കും 100ൽ താഴെ സീറ്റുകളെ ലഭിക്കൂ. അതിനാൽ എ. ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ സഹായം തുടർന്നും തേടേണ്ടി വരും. കോൺഗ്രസിന്റെ അംഗബലം രണ്ടു കുറഞ്ഞ് 37 ആകും. ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ തൃണമൂൽ കോൺഗ്രസിന് മാത്രമാണ് സഭയിൽ അംഗബലത്തിൽ രണ്ടക്കമുള്ളത്(13)