supreme-court

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് കേന്ദ്ര സർക്കാർ ഇടപെട്ട് ഏകീകൃത നിരക്ക് ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ 2,200 രൂപയും ചില സംസ്ഥാനങ്ങളിൽ 4,500 വരെയും ഈടാക്കുന്നു. നിരക്ക് നിർണയിക്കുന്നതിൽ കോടതി ഇടപെടുന്നില്ല. എന്നാൽ, കേന്ദ്ര സർക്കാർ ഇടപെട്ട് കൊവിഡ് പരിശോധനയ്ക്കുള്ള നിരക്കുകൾ ഏകീകരിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസുമാരായ എസ്.കെ കൗൾ, എം.ആർ ഷാ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രാധികാരം നൽകണമെന്നും ചില സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂ എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അപ്പോൾ കേന്ദ്ര സർക്കാർ ഉയർന്ന നിരക്ക് നിജപ്പെടുത്തട്ടെ ബാക്കി കാര്യങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിക്കോളും എന്നായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ മറുപടി.
രോഗികൾക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരുകൾ വിദഗ്ധ സമിതികൾ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സ കൃത്യമായി നടക്കുന്നുണ്ട് എന്നുറപ്പാക്കാൻ സി.സി.ടിവി കാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി.