ന്യൂഡൽഹി :കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ. 55കാരനായ മന്ത്രിയ്ക്ക് ന്യൂമോണിയ കൂടി ബാധിച്ചതോടെ ശ്വാസകോശത്തിലെ അണുബാധ വർദ്ധിച്ചു. ഇതോടെ നിലവിൽ ചികിത്സയിലിരുന്ന ഡൽഹിയിലെ രാജീവ്ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് സാകേതിലെ മാക്‌സ് സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഇന്നലെ വൈകിട്ടോടെ മാറ്റി. അവിടെ അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അത്യാഹിത വിഭാഗത്തിൽ കൃത്രിമ ശ്വാസം നൽകിയാണ് അദ്ദേഹത്തിന്റെ ജീവൻ പിടിച്ചുനിറുത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സത്യേന്ദർ ജയിൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച കൽക്കാജി എം.എൽ.എ അതിഷി, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശക അഭിനന്ദിത മാത്തൂർ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക എന്നിവർക്കും ശ്വാസകോശ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 16ന് തുടർച്ചയായി പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ വിവരം 17ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കൊവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു.