modi

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന കടന്നു കയറിട്ടില്ലെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ ചിലർ ദോഷകരമായി വളച്ചൊടിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഇന്നലെ വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷം വിമർശിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.

കടന്നുകയറ്റം ഇല്ലെങ്കിൽ മേയ് ആദ്യമുണ്ടായ സംഘർഷത്തിന്റെ കാരണമെന്താണെന്നും തത്‌സ്ഥിതി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത് എന്തടിസ്ഥാനത്തിലാണെന്നും കോൺഗ്രസ് ചോദിച്ചിരുന്നു.

ചൈനീസ് കടന്നുകയറ്റം ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ സായുധസേനയുടെ ധീരതയിലുള്ള വിശ്വാസത്തിലാണ്. ജൂൺ 15ന് ഗാൽവനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് ഇടയാക്കിയ സംഭവങ്ങളിലാണ് സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പ്രധാനമായും കേന്ദ്രീകരിച്ചത്. നിയന്ത്രണരേഖയിൽ വലിയതോതിൽ ചൈനീസ് സൈന്യം വന്നുവെന്നും ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

നിയന്ത്രണരേഖയിൽ ചൈന ചില നിർമ്മാണങ്ങൾ നടത്തിയത് ഇന്ത്യ എതിർത്തതിനെ തുടർന്നാണ് ഗാൽവനിൽ ആക്രമണമുണ്ടായത്. നിയന്ത്രണരേഖ ലംഘിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ബിഹാർ റെജിമെന്റിലെ സൈനികർ പരാജയപ്പെടുത്തി. നിയന്ത്രണ രേഖാ ലംഘനങ്ങളെ മുൻകാല വീഴ്‌ചകൾക്ക് വിരുദ്ധമായി ഇന്ത്യൻ സൈന്യം ശക്തമായി തന്നെ നേരിടും.
ഇന്ത്യയുടെ ഭൂപ്രദേശം നമ്മുടെ ഭൂപടത്തിൽ വ്യക്തമാണ്. അതു നിലനിറുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്. മുമ്പ് നടന്ന ചില കൈയേറ്റങ്ങളെ തുടർന്ന് 60 വർഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റർ ഏത് സാഹചര്യത്തിലാണ് അടിയറവ് വച്ചതെന്ന് രാജ്യത്തിന് ബോദ്ധ്യമുണ്ട്. നിയന്ത്രണരേഖയിൽ ഏകപക്ഷീയമായ മാറ്റത്തിന് സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
സൈനികരുടെ ആത്മവീര്യം തകർക്കുന്ന ഒരു വിവാദം ഉണ്ടാക്കിയത് നിർഭാഗ്യകരമാണ്. ദേശീയ പ്രതിസന്ധിയിൽ സർക്കാരിനും സായുധസേനയ്ക്കും അസന്നിഗ്ദ്ധമായ പിന്തുണ നൽകണമെന്ന വികാരമാണ് സർവകക്ഷിയോഗത്തിലുണ്ടായത്. ചില പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള ഉപജാപങ്ങൾക്ക് ജനങ്ങളുടെ ഐക്യത്തെ ഉലയ്‌ക്കാനാകില്ലെന്നും കേന്ദ്രസർക്കാർ പ്രസ്‌താവനയിൽ പറയുന്നു.

ചൈന കടന്നുകയറിയിട്ടില്ലെന്നും ഒരിഞ്ച് ഭൂമി പോലും നഷ്‌ടമായിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനെ ചോദ്യം ചെയ്‌ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,​ സൈനികർ എങ്ങനെ കൊല്ലപ്പെട്ടെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കടന്നുകയറ്റം നടന്നിട്ടില്ലെങ്കിൽ വിദേശമന്ത്രാലയം തത്സ്ഥിതി തുടരാൻ ആവശ്യപ്പെടുന്നത് എന്തിനെന്നും ജൂൺ ആറിന് കമാൻഡർ തലത്തിൽ നടന്ന ചർച്ചകളുടെ അജണ്ട എന്തായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പി. ചിദംബരവും ചോദിച്ചു.