ladakh
Ladakh

ന്യൂഡൽഹി: അതിർത്തിയിലെ ഏതു സാഹചര്യവും നേരിടാൻ തക്കവണ്ണം സേനാവിന്യാസം നടത്തിയതായി വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയ അറിയിച്ചു. 20 സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം ഹൈദരാബാദിൽ ദുണ്ടിഗൽ വ്യോമസേനാ അക്കാഡമിയിലെ പുതിയ ഓഫീസർമാരുടെ പാസിംഗ് ഔട്ട് ചടങ്ങിൽ പറഞ്ഞു.

അതേസമയം, ഗാൽവൻ താഴ്‌വര തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദം അംഗീകരിക്കില്ലെന്നും അവിടെ സംഘർഷമുണ്ടാക്കിയത് ചൈനീസ് പ്രകോപനമാണെന്നും വിദേശമന്ത്രാലയം ആവർത്തിച്ചു.

സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വ്യോമസേനാ മേധാവി ലഡാക്ക്, ശ്രീനഗർ അതിർത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതിർത്തിയിൽ ചൈന നിരവധി യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. അസാധാരണ നീക്കം ശ്രദ്ധയിൽപ്പെട്ടയുടൻ നമ്മുടെ സന്നാഹങ്ങളും വിന്യസിച്ചു. നിയന്ത്രണ രേഖയിലും അതിനപ്പുറവും അവരുടെ വ്യോമസേനാ വിന്യാസത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്.

ധാരണകൾ ലംഘിച്ചുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ ജീവത്യാഗവും നിലനിൽക്കെ തന്നെ പ്രശ്‌നങ്ങൾക്ക് സമാധാനപൂർവ്വം പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ സൈനികർ പ്രദർശിപ്പിച്ച ധീരത എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഖണ്ഡത കാക്കുമെന്നതിന് തെളിവാണ്.

മേഖലയിലെ സുരക്ഷയ്‌ക്ക് സായുധസേനയെ എല്ലായ്‌പ്പോഴും തയ്യാറാക്കി നിറുത്തേണ്ടതുണ്ട്. പെട്ടെന്ന് സൈനിക നീക്കം ആവശ്യപ്പെടുന്ന ഒന്നാണ് ലഡാക് അതിർത്തിയിലെ സംഭവങ്ങൾ. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് പുത്തൻ സാങ്കതിക വിദ്യയും അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഇന്ത്യ അഭ്യന്തരമായി വികസിപ്പിച്ച് സേനയ്‌ക്ക് ലഭ്യമാക്കും. അതിർത്തിയിലെ സാഹചര്യം കണക്കിലെടുത്ത് പരിശീലനം പൂർത്തിയാക്കിയ പുതിയ കമ്മിഷൻഡ് ഓഫീസർമാർ വീടുകളിൽ പോകാതെ നേരിട്ട് യൂണിറ്റുകളിൽ ചുമതലയേൽക്കുമെന്നും വ്യോമസേനാ മേധാവി അറിയിച്ചു.

ചൈനയുടെ വാദംതള്ളി

ന്യൂഡൽഹി: സർവകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയായി ചൈന ഗാൽവൻ താഴ്‌വര തങ്ങളുടെ ഭാഗമാണെന്ന അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് അതിനെതിരെ ഇന്ത്യ പ്രതികരിച്ചത്. സംഘർഷമുണ്ടാക്കിയത് ചൈനീസ് പ്രകോപനമാണെന്നും വിദേശമന്ത്രാലയം ആവർത്തിച്ചു.

ഗാൽവൻ താഴ്‌വര അടക്കം അതിർത്തി സംബന്ധിച്ച് ഇന്ത്യൻ സൈനികർക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. ഇന്ത്യൻ സൈന്യം ഒരിക്കലും നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല. ഗാൽവൻ താഴ്‌വരയിൽ ഏറെക്കാലമായി ഒരു പ്രശ്‌നവുമില്ലാതെ ഇന്ത്യൻ സേന പട്രോളിംഗ് നടത്തുന്നു. ഇന്ത്യയുടെ എല്ലാ നിർമ്മിതികളും നിയന്ത്രണ രേഖക്കിപ്പുറം സ്വന്തം പ്രദേശത്താണ്. എന്നാൽ മേയ് ആദ്യം മുതൽ ചൈന ഇന്ത്യൻ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തിയിരുന്നു. തുടർന്നുണ്ടായ കൈയാങ്കളിക്കു ശേഷം പ്രാദേശിക കമാൻഡർമാർ ചർച്ച നടത്തി ഉടമ്പടികൾ പാലിക്കാൻ ധാരണയായിരുന്നു.

ഇന്ത്യ ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ശ്രമിച്ചെന്ന ചൈനീസ് വാദം അംഗീകരിക്കാനാവില്ല. തൽസ്ഥിതി സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

മേയ് മദ്ധ്യത്തിൽ പടിഞ്ഞാറൻ മേഖലയിലും ചൈനീസ് സേന നിയന്ത്രണ രേഖ കടക്കാൻ ശ്രമിച്ചപ്പോഴും ഇന്ത്യൻ സേന വിഫലമാക്കി. തുടർന്ന് സൈനിക തലത്തിൽ ചർച്ചകൾ നടന്നു. ജൂൺ ആറിലെ ചർച്ചയിൽ പരസ്‌പരം സൈന്യത്തെ പിൻവലിക്കാനും തൽസ്ഥിതി നിലനിറുത്താനും ധാരണയായിരുന്നു. എന്നാൽ ഗാൽവൻ താഴ്‌വരയിൽ ചൈന നിയന്ത്രണ രേഖ കടന്ന് നിർമ്മാണങ്ങൾ നടത്താൻ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് ജൂൺ 15ന് ഇന്ത്യൻ സൈനികരെ ആക്രമിച്ചത്.

രമ്യമായ പരിഹാരത്തിന് വിദേശകാര്യ മന്ത്രിമാർ ഉണ്ടാക്കിയ ധാരണകൾ പാലിക്കാൻ ചൈനയ്ക്ക് ബാദ്ധ്യതയുണ്ട്. അതിർത്തിയിലെ സമാധാനത്തിനും നല്ല ബന്ധത്തിനും അത് അനിവാര്യമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പ്രസ്‌താവനയിൽ പറഞ്ഞു.