ന്യൂഡൽഹി: അതിർത്തിയിൽ മുഖാമുഖം കൊമ്പുകോർക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും സേനകൾ ഒന്നിച്ച് റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ജൂൺ 24ന് നടക്കുന്ന വിക്‌ടറി ദിന പരേഡിൽ മാർച്ച് ചെയ്യും. 1945ൽ റഷ്യൻ സേന നാസി ജർമ്മനിക്ക് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്‌ക്കായി നടത്തുന്നതാണ് വിക്‌ടറി ദിന പരേഡ്. ചടങ്ങ് കാണാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്‌ച യാത്ര തിരിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അടക്കമുള്ള ലോകനേതാക്കളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വിക്‌ടറി ദിന പരേഡിൽ ഇന്ത്യ, ചൈന അടക്കം വിവിധ രാജ്യങ്ങളിലെ സൈനികർ പങ്കെടുക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ചരിത്രമുള്ള സിക്ക് ലൈറ്റ് ഇൻഫൻട്രി റെജിമെന്റാണ് മൂന്ന് സായുധ സേനകളിലെ സൈനികർ അടങ്ങിയ ഇന്ത്യൻ സംഘത്തെ നയിക്കുക. എല്ലാ മെയ് 9നും നടക്കുന്ന പരേഡ് കൊവിഡ് കാരണമാണ് ജൂണിലേക്ക് മാറ്റിയത്.