ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. മരണം 13,000 പിന്നിട്ടു. എട്ടുദിവസത്തിനിടെ ഒരുലക്ഷം പുതിയ രോഗികൾ രാജ്യത്തുണ്ടായി. ഒരാഴ്ചയ്ക്കിടെ 3773 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ജൂൺ 12നാണ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നത്. ജനുവരി 31ന് ആദ്യ കേസ്. 109 ദിവസം പിന്നിട്ടപ്പോൾ രോഗികൾ ഒരു ലക്ഷമായി. അടുത്ത ഒരുലക്ഷം രോഗികൾ 25 ദിവസം കൊണ്ടുണ്ടായി. പിന്നീട് 10 ദിവസം കൊണ്ടാണ് ആകെ കേസുകൾ മൂന്നുലക്ഷത്തിലേക്ക് കടന്നു.
പ്രതിദിന രോഗികളുടെ എണ്ണം 14,000 കടന്നു. വിവിധ സംസ്ഥാനങ്ങളിലെ കണക്ക് പ്രകാരം വെള്ളിയാഴ്ച 14,740 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മഹാരാഷ്ട്രയ്ക്ക് പുറമെ, ഡൽഹിയിലും പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. മഹാരാഷ്ട്രയിൽ ആകെ കേസുകൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു. മരണം ആറായിരത്തോടടുത്തു. തമിഴ്‌നാട്ടിലും ഡൽഹിയിലും കൊവിഡ് അരലക്ഷം പിന്നിട്ടു. ഗുജറാത്ത് ( 26,000),ഉത്തർപ്രദേശ് (17,000),രാജസ്ഥാൻ (14,000), മദ്ധ്യപ്രദേശ് (11,000), പശ്ചിമബംഗാൾ ( 13,000 ) എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. ബിഹാർ, ഒഡിഷ, ഹരിയാന, പഞ്ചാബ്, ജമ്മുകാശ്മീർ സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം വേഗത്തിലാണ്. ഇന്നലെ തമിഴ്‌നാട്ടിൽ 2,396 പുതിയ രോഗികളും 38 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 704. കേസുകൾ 56,845.
തമിഴ്‌നാട് കഴിഞ്ഞാൽ ദക്ഷിണേന്ത്യയിൽ കർണാടകയിലും ആന്ധ്രാപ്രദേശിലുമാണ് കൂടുതൽ കൊവിഡ് ബാധ. കർണാടകയിൽ 416 പുതിയ രോഗികളും 9 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 8,697. മരണം 133. ഇന്നലെ 491 പുതിയ രോഗികളും 5 മരണവുമാണ് ആന്ധ്രയിലുണ്ടായത്. ആകെ കേസുകൾ 8452. മരണം 100 കടന്നു. തെലങ്കാനയിൽ ആകെ രോഗികൾ ഏഴായിരത്തോടടുത്തു.
നഗരങ്ങളിൽ മുംബയിലാണ് രൂക്ഷം. ആകെ കേസുകൾ 65,000 കടന്നു. ഡൽഹിയിൽ 55,000. ചെന്നൈ (39,000), അഹമ്മദാബാദ് (18,000) എന്നീ വൻനഗരങ്ങളിലും സ്ഥിതി രൂക്ഷം. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക, ബ്രസീൽ, റഷ്യ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാമതാണിപ്പോൾ. മരണത്തിൽ എട്ടാം സ്ഥാനത്ത്.
രോഗമുക്തി 54.13 ശതമാനം
....................
രാജ്യത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 2,13,830 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 9120 പേർക്ക് രോഗംഭേദമായി. രോഗമുക്തി നിരക്ക് 54.13 ശതമാനമാണ്.
പ്രതിദിന രോഗികൾ - മരണം
ജൂൺ 13 - 12039-309
ജൂൺ 14- 11405-324
ജൂൺ 15- 10,032-396
ജൂൺ 16-11,086-2004(മുൻപ് റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ കൂടി ചേർത്ത്)
ജൂൺ 17-13,108 -341
ജൂൺ18-13,829- 343
ജൂൺ 19 -14,740-365