ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 50,000 കോടിയുടെ തൊഴിൽ പദ്ധതി (ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ) പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ നൈപുണ്യം കൊണ്ട് നഗരങ്ങൾ വളർന്നു. ഇനി നിങ്ങളുടെ പ്രയത്നത്തിൽ ഗ്രാമങ്ങൾ വികസിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ കഗാരിയ ജില്ലയിലെ തെലിഹാർ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ ഏറെയുള്ള ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ 125 ദിവസം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. റോഡുകൾ, ഭവന നിർമ്മാണം അടക്കം ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ പ്രവർത്തനങ്ങളും വേഗത്തിലാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര ഗ്രാമവികസന രാജ് മന്ത്രി നരേന്ദ്ര സിംഗ് തോമറും പദ്ധതി നടപ്പാക്കുന്ന ആറു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.