ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും അവധി റദ്ദാക്കി. ഏറ്റവും അടിയന്തര സാഹചര്യത്തിൽ മാത്രമേ ലീവ് അനുവദിക്കുകയുള്ളൂ. നിലവിൽ ലീവിലുള്ള എല്ലാവരോടും ഉടൻ ഡ്യൂട്ടിക്ക് തിരികെ കയറാനും ഡൽഹി സർക്കാർ നിർദ്ദേശിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ 16,292 പുതിയ കൊവിഡ് രോഗികളുണ്ടായി. വെള്ളിയാഴ്ച വരെ 53,116 കൊവിഡ് കേസുകൾ. 821 പേരാണ് ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച വരെ ആകെ മരണം 2036 ആണ്. ആകെ കൊവിഡ് മരണങ്ങളുടെ 40 ശതമാനത്തിലേറെയും ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ കേന്ദ്രത്തിന്റെയും ഐ.സി.എം.ആറിന്റെയും നിർദേശത്തിന് വിരുദ്ധമായി ഡൽഹിയിൽ കൊവിഡ് രോഗികൾക്ക് 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയ തീരുമാനം ലഫ്. ഗവർണർ അനിൽ ബൈജാൽ തിരുത്തി. സംസ്ഥാന സർക്കാർ വിമർശനം ഉയർത്തിയതോടെയാണിത്. ആശുപത്രി ചികിത്സ ആവശ്യമില്ലെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവരിൽ വീട്ടിൽ ഐസലേഷന് സൗകര്യമില്ലാത്തവർ മാത്രം സർക്കാർ സംവിധാനത്തിൽ ക്വാറന്റൈനിൽ പോയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.
നേരത്തെ ഗുരുതരമല്ലാത്ത രോഗികൾ വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നായിരുന്നു സർക്കാർ നിർദേശം. രോഗം മൂർച്ഛിച്ചാൽ മാത്രം ആശുപത്രികളിലേക്കും കൊവിഡ് കെയർ സെന്ററുകളിലേക്കും മാറിയാൽ മതിയായിരുന്നു. കൊവിഡ് രോഗം പടരാൻ പ്രധാന കാരണങ്ങളിലൊന്ന് വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നതാണെന്ന് വിലയിരുത്തിയാണ് എല്ലാവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയത്.
എന്നാൽ വീട്ടിൽ ഐസലേഷൻ എന്ന നിർദേശം ഐ.സി.എം.ആർ ഉൾപ്പെടെയുള്ളവർ നൽകുമ്പോൾ ഡൽഹിക്ക് മാത്രമായി എന്തിനാണ് പ്രത്യേക മാർഗരേഖയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തെത്തുകയായിരുന്നു.