babari

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി ഉൾപ്പെടെ ഒൻപത് പേരുടെ മൊഴി രേഖപ്പെടുത്താൻ ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി തീരുമാനിച്ചു. ജൂൺ 22നും ജൂലായ് രണ്ടിനും ഇടയിൽ വീഡിയോ കോൺഫറൻസിലൂടെയായിരിക്കും മൊഴിയെടുക്കുക.

ജൂൺ 22ന് ആർ.എൻ. ശ്രീവാസ്‌തവ, 23ന് മഹന്ത് നൃത്യ ഗോപാൽ ദാസ്, 24ന് ജയ് ഭഗവാൻ ഗോയൽ, 25ന് അമർനാഥ് ഗോയൽ, 26ന് സുധീർ കക്കർ, 29ന് ആചാര്യ ധർമേന്ദ്ര ദിയോ, 30ന് അദ്വാനി എന്നിവരുടെയും ജൂലായ് 1ന് മുരളി മനോഹർ ജോഷി, 2ന് കല്യാൺ സിംഗ് എന്നിവരുടെയും മൊഴിയെടുക്കും.

അദ്വാനി, ജയ് ഭഗവാൻ ഗോയൽ, മുരളി മനോഹർ ജോഷി എന്നിവർ ഡൽഹിയിലെ വസതിയിൽ നിന്നാ‍ണ് കോൺഫറൻസിൽ പങ്കെടുക്കുക. ആർ.എൻ. ശ്രീവാസ്തവ, മഹാന്ത് നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ് എന്നിവർ ഉത്തർപ്രദേശിൽ നിന്നും ആചാര്യ ധർമേന്ദ്ര ദിയോ രാജസ്ഥാനിൽ നിന്നും സുധീർ കക്കർ പഞ്ചാബിൽ നിന്നും മൊഴി നൽകും. മറ്റൊരു പ്രതി രാം ചന്ദ്ര ഖത്രി ജയിലിലായതിനാൽ പിന്നീട് മൊഴിയെടുക്കും.

ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ ലക്നൗവിലെ ദേശീയ ഇൻഫർമാറ്റിംഗ് സെന്ററിന് കോടതി നിർദേശം നൽകി. സെക്ഷൻ 313 പ്രകാരം, വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിക്ക് പ്രതിയെ ചോദ്യംചെയ്യാം. ഒപ്പം പ്രതികൾക്കെതിരെയുള്ള സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാൻ അവസരം നൽകുകയും ചെയ്യും.

1992 ഡിസംബർ ആറിനാണ് അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്. 27 വർഷത്തിലധികം നീണ്ട കേസിന്റെ വിചാരണ ലക്‌നൗ സി.ബി.ഐ കോടതിയിൽ അന്തിമഘട്ടത്തിലാണ്. കേസിലെ പ്രതികളിൽ 49 പേരും ഇന്ന് ജീവനോടെയില്ല. ഇതുവരെ 300 ലധികം സാക്ഷികളാണ് കേസിൽ വിസ്തരിക്കപ്പെട്ടത്. സാക്ഷികളിൽ 50 പേരും മരിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെന്നും രണ്ട് വർഷത്തിനുള്ളിൽ കേസ് പൂർത്തിയാക്കണമെന്നും 2017ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഗൂഢാലോചനക്കേസിൽ പ്രതികളെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധി സ്‌പെഷ്യൽ കോടതി റദ്ദാക്കിയിരുന്നു.