india-china

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ഗാൽവൻ നദീതടത്തിൽ ജൂൺ 15 നുണ്ടായ ഏറ്റുമുട്ടലിനിടെ 10 ഇന്ത്യൻ സൈനികർ ചൈനയുടെ 'കൈവശമായത്' അബദ്ധത്തിൽ! ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിൽ കിടന്നവരെ തങ്ങളുടെ സംഘാംഗങ്ങളെന്നു കരുതി ചൈനീസ് മെഡിക്കൽ സംഘം രക്ഷപ്പെടുത്തിയ കൂട്ടത്തിലാണ് 10 ഇന്ത്യൻ സൈനികരും അതിർത്തിക്കപ്പുറത്തായത്!

രണ്ട് മേജർമാരും രണ്ട് ക്യാപ്‌ടൻമാരും ആറ് ജവാന്മാരും അടങ്ങുന്ന സംഘത്തെ അബദ്ധം മനസ്സിലായതിനിനെ തുടർന്ന് ചൈന പിന്നീട് മോചിപ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്ന വിവരം. ആളെ തിരിച്ചറിയാതെ ഇന്ത്യൻ സൈനികർ രക്ഷപ്പെടുത്തിയ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ ക്യാമ്പിൽ ചികിത്സയിലുണ്ടെന്നാണ് വിവരം.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചില ഗൂഢപദ്ധതികൾ നടപ്പാക്കാൻ ചൈന ടിബറ്റിൽ നിന്ന് സൈന്യത്തെ ഇറക്കിയെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കമാൻഡിംഗ് ഓഫീസർ കേണൽ ബി. സന്തോഷ് ബാബുവും 35 ഓളം സൈനികരും ചേർന്ന് മേഖലയിൽ പരിശോധന നടത്തിയത്. ഇന്ത്യൻ അതിർത്തിക്കകത്ത് ടെന്റ് നിർമ്മിച്ച ചൈനീസ് സൈനികർ അവിടെ ടിബറ്റിൽ നിന്നുള്ള ഭടന്മാരെ പോസ്റ്റ് ചെയ്‌തിരുന്നു. ടെന്റ് നിർമ്മാണം ചോദ്യംചെയ്‌ത സന്തോഷ് ബാബുവിനെ ടിബറ്റിൽ നിനുള്ള പട്ടാളക്കാരൻ പിടിച്ചു തള്ളിയത് ഇന്ത്യൻ സൈനികരെ പ്രകോപിപ്പിച്ചു. വാക്കേറ്റത്തിനു ശേഷം ഇന്ത്യൻ സൈനികർ ടെന്റ് കത്തിച്ചു. തുടർന്ന് രാത്രിയിലുണ്ടായ ആക്രമണമാണ് സംഘർഷത്തിൽ കലാശിച്ചത്.