ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിൽ ചൈനീസ് അതിക്രമത്തിൽ 20 ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാർലമെന്റിന്റെ വിദേശകാര്യസ്ഥിരംസമിതി അടിയന്തരമായി യോഗം ചേരണമെന്ന് പ്രതിപക്ഷ എം.പിമാർ. സംഭവത്തെക്കുറിച്ച് വിദേശകാര്യസെക്രട്ടറി, പ്രതിരോധ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് നേരിട്ട് വിശദീകരണം തേടണം. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടേതാണ് ആവശ്യം. എന്നാൽ ഈ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും
കൊവിഡ് രൂക്ഷമായിരിക്കെ യോഗം ചേരുന്നത് പ്രയാസമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ പി.പി. ചൗധരിയാണ് വിദേശകാര്യസ്ഥിരംസമിതി അദ്ധ്യക്ഷൻ.
അടിയന്തരമായി സ്ഥിരം സമിതി യോഗം ചേരണമെന്നും വിദേശകാര്യസെക്രട്ടറി വിശദീകരണം നൽകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടു. എത്രയും വേഗം യോഗം ചേരണമെന്ന് സ്ഥിരംസമിതി അംഗം കൂടിയായ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനും നിലപാടെടുത്തു. എന്നാൽ രാഷ്ട്രീയത്തിന് അതീതമായി പാർട്ടികൾ കേന്ദ്രസർക്കാരിന് പിന്തുണ നൽകേണ്ട ഘട്ടമാണിതെന്നും യോഗം ചേരണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി പ്രതികരിച്ചു. അതിനിടെ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗങ്ങൾ ചേരുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ ലോക്‌സഭാ സ്പീക്കർ ഓംബിർളയും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും സെക്രട്ടറി ജനറൽമാരോട് ആവശ്യപ്പെട്ടു.