ന്യൂഡൽഹി: ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 15,413 പുതിയ രോഗികൾ. ഒറ്റദിവസം ഇത്രയുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. 306 മരണം. ആകെ മരണം 13,254 .
ആകെ രോഗികകൾ നാലുലക്ഷം കടന്നു. 4,10,461 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. 16, 9451 പേരാണ് ചികിത്സയിലുള്ളത്. 2,27,756 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ നിരക്ക് 55.49 ശതമാനമായി ഉയർന്നത് ശുഭലക്ഷണമാണെന്നും മന്ത്രാലയം അറിയിച്ചു.
മുംബയിൽ കൊവിഡ് ബാധിച്ച് പൻവേൽ കാമോത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും മുംബ ഭേലാപ്പൂരിലെ താമസക്കാരിയുമായ ജാനകി വാസു (77) മരിച്ചു. മഹാരാഷ്ട്രയിൽ 88 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 4,048 പൊലീസുകാർ രോഗികളായി.
ഡൽഹിയിലെ മണ്ഡോലി ജയിലിൽ മരിച്ച തടവുകാരന് കൊവിഡ് കണ്ടെത്തി. നേരത്തെ ജയിൽ ജീവനക്കാർ അടക്കം 45 പേർക്ക് ഈ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമന്ദ് റാവുവിന് രോഗം സ്ഥിരീകരിച്ചു.
കർണാടകയിൽ 453 രോഗികൾ കൂടി. ആകെ രോഗികൾ 9,150 പേർ. ആകെ മരണം 137.