covid

ന്യൂഡൽഹി : കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികളെ 'കൈകാര്യം' ചെയ്യുന്നതിൽ മാർഗരേഖ പുറത്തിറക്കി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ. പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതിന് മുൻപ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ മാർഗനിർദേശം പുറപ്പെടുവിച്ചു.

'ഒരു പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് അയാൾ കുളിച്ചതായി ഉറപ്പാക്കണം. വസ്ത്രങ്ങൾ മാറിയിരിക്കണം. വീട്ടിൽ വച്ചാണ് അറസ്റ്റെങ്കിൽ വീട്ടിൽ വച്ച് തന്നെ കുളിക്കാൻ നിർദ്ദേശിക്കണം. അല്ലെങ്കിൽ തൊട്ടടുത്തുളള പൊതു ശുചിമുറിയിൽ കൊണ്ടുപോകണം. വസ്ത്രങ്ങളും മാറ്റിയ ശേഷമേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പാടുള്ളൂ. ശേഷം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. അത് വരെ പ്രതിയുമായി പൊലീസ് നിശ്ചിത അകലം പാലിക്കണമെന്ന് ' കമ്മീഷണർ ഭാസ്‌ക്കർ റാവുവിന്റെ മാർഗനിർദേശത്തിൽ പറയുന്നു. ബംഗളൂരു സിറ്റി പൊലീസിലെ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.രണ്ട് പേർ മരിച്ചു. ഇതോടെയാണ് പുതിയ നിർദേശം.