ന്യൂഡൽഹി: ആരും ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ചൈനയുടെ നിലപാടിനെ അംഗീകരിക്കുന്നതായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ചൈന പിൻവാങ്ങി, യഥാർത്ഥ നിയന്ത്രണരേഖയിൽ തൽസ്ഥിതി ഉറപ്പാക്കുംവരെ ഇന്ത്യ പിന്നാക്കം പോകരുതെന്നും നിഷേധിക്കൽ നിലപാടിൽ കേന്ദ്രം തുടരരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ച ചൈന ഗാൽവനിൽ അവകാശവാദം ഉന്നയിക്കുമ്പോൾ ആരും ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. ഇതിലൂടെ ചൈനയുടെ നിലപാടിനെ അംഗീകരിക്കുകയാണ് മോദി. പ്രധാനമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.