jain

ന്യൂഡൽഹി : കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന്റെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. ഡൽഹിയിലെ സ്വകാര്യ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അടങ്ങുന്നതാണ് സംഘം. നിലവിൽ ആരോഗ്യ മന്ത്രിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് നിലവിൽ സത്യേന്ദ്ര ജെയിൻ.

ഇതിനിടെ ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തിൽ യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ, ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.